പണമില്ലാത്തത് കൊണ്ടാണ് സെര്‍വര്‍ തകരാറാണെന്ന പ്ലാന്‍ ബി സര്‍ക്കാര്‍ പുറത്തെടുത്തത് -പ്രതിപക്ഷ നേതാവ്
text_fieldsആലുവ: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിന് കാരണം സാങ്കേതിക തകരാറെന്ന പച്ചക്കള്ളമാണ് ധനകാര്യ മന്ത്രി ആവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഫെബ്രുവരി 29ന് നികുതി വിഹിതമായി കേന്ദ്രത്തില്‍ നിന്നും 4,000 കോടി കിട്ടി. 3,800 കോടി ഓവര്‍ഡ്രാഫ്റ്റ് ആയതിനാല്‍ ഖജനാവില്‍ ബാക്കിയുണ്ടായത് 200 കോടി മാത്രം. പണം ഇല്ലാത്തതു കൊണ്ടാണ് സെര്‍വര്‍ തകരാറാണെന്ന പ്ലാന്‍ ബി സര്‍ക്കാര്‍ പുറത്തെടുത്തത്. പണം ഇല്ലാതെ ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി പോലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും തവണകളാകുകയും മുടങ്ങുകയും ചെയ്യും. എന്നിട്ടാണ് സെര്‍വര്‍ തകരാറിലായെന്ന പച്ചക്കള്ളം പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതിപക്ഷത്തെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷനെ ആദ്യം മൊഴി എടുക്കാന്‍ വിളിപ്പിച്ച് രഹസ്യമായി അറസ്റ്റ് ചെയ്യാനാണ് ശ്രമിച്ചത്. എന്നാല്‍, കോടതി ഇടപെട്ട് അത് തടഞ്ഞു. കെ.പി.സി.സി അധ്യക്ഷന് കേസില്‍ പങ്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കേസ് എടുത്തതിനെ നിയമപരമായി നേരിടും. കെ. സുധാകരനല്ല ഗൂഢാലോചന നടത്തിയത്. അദ്ദേഹത്തെ കേസില്‍ പ്രതിയാക്കുന്നതിന് വേണ്ടിയാണ് ഗൂഢാലോചന നടത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.