സർക്കാർ നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നത് മാസപ്പടി വാങ്ങാനെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന സി.എ.ജി റിപ്പോർട്ട് ബി.ജെ.പിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ്.
വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള തുക 22,258 കോടി രൂപയായി വർധിച്ചെന്നാണ് സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്. എന്തുകൊണ്ടാണ് വ്യവസായികൾ ഭരണ-പ്രതിപക്ഷത്തെ നേതാക്കൾക്ക് മാസപ്പടി കൊടുക്കുന്നതെന്നതിന്റെ ഉദാഹരണമാണ് ഈ സി.എ.ജി റിപ്പോർട്ട്. എന്നാൽ ഇതെല്ലാം മൂടിവെച്ച് കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് സംസ്ഥാന ധനമന്ത്രി ചെയ്യുന്നത്.
ഭൂനികുതി, കെട്ടിട നികുതി, ഇന്ധന നികുതി തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും നികുതി വർധിപ്പിച്ച് പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവർ നികുതിവെട്ടിപ്പുകാർക്ക് ചൂട്ടുപിടിക്കുകയാണ്. ഇത്രയും വലിയ ജനവിരുദ്ധ ഭരണം കേരളം കണ്ടിട്ടില്ല. എല്ലാ നികുതികളും വർധിപ്പിച്ചിട്ടും കേരളത്തിന്റെ നികുതി വരുമാനം താഴോട്ട് പോവുന്നത് സർക്കാരിന്റെ ഈ ഒത്തുകളി കാരണമാണ്. പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ വാർഷിക വരുമാനത്തിന്റെ കാൽഭാഗത്തോളം വരുമെന്നത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം വിളിച്ചു പറയുന്നതാണ്.
കേന്ദ്രസർക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. യു.പി.എ സർക്കാരിന്റെ കാലത്ത് നൽകിയതിനേക്കാൾ അഞ്ചിരട്ടി അധികം തുകയാണ് മോദി സർക്കാർ കേരളത്തിന് നൽകുന്നത്. എന്നാൽ തങ്ങളുടെ അഴിമതിയും കഴിവില്ലായ്മയും മറച്ചുവെക്കാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തെ പഴിചാരുകയാണ്. കുടിശ്ശിക പിരിച്ചെടുക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.