ഗവർണറെ ആക്രമിക്കാൻ സർക്കാർ ആസൂത്രിതമായി ഗുണ്ടകളെ ഇറക്കിവിട്ടു -മന്ത്രി വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഗവർണറെ വിരട്ടിയോടിക്കാനോ ശാരീരികമായി ആക്രമിക്കാനോ മുതിരുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് സി.പി.എം കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ആസൂത്രിതമായി ഗവർണറെ ആക്രമിക്കാൻ സർക്കാർ ഗുണ്ടകളെ ഇറക്കിവിട്ടുവെന്നും പൊലീസിനെയും അക്രമികളെയും നിയന്ത്രിക്കുന്നത് സർക്കാറാണെന്നും വി. മുരളീധരൻ ആരോപിച്ചു.
ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം ശ്രമങ്ങൾ. അദ്ദേഹത്തിന്‍റെ നിർഭയത്വം കഴിഞ്ഞ കാലങ്ങളിലെ പൊതുജീവിതത്തിൽ നിന്ന് വ്യക്തമാണ്. വിയോജിക്കുന്നവരെ ശാരീരികമായി ആക്രമിച്ച് ഇല്ലാതാക്കുന്നത് സി.പി.എമ്മിന്‍റെ രീതിയാണ്. ഗവർണറുടെ കാര്യത്തിൽ അത് നടക്കില്ല.
ഗവർണറുടെ കാർ മൂന്ന് തവണ ഇന്നലെ ആക്രമിക്കപ്പെട്ടു. വാഹനത്തിനകത്ത് വെച്ച് ആക്രമിക്കപ്പെടുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് അദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങിയത്. ഭരണത്തിന് നേതൃത്വം നൽകുന്നവരാണ് പൊലീസിനെയും അക്രമികളെയും നിയന്ത്രിക്കുന്നത്. അക്രമത്തിന് സംസ്ഥാന സർക്കാർ പൊലീസിനെ ഉപയോഗിച്ച് കൂട്ടുനിൽക്കുകയാണ്. ആസൂത്രിതമായി ഗവർണറെ ആക്രമിക്കാൻ സർക്കാർ ഗുണ്ടകളെ ഇറക്കിവിട്ടു. പൊലീസിനെ നിർവീര്യമാക്കി നിർത്തിയിരിക്കുകയാണ്. കേരളത്തിലെ ഭരണമാകെ കുത്തഴിഞ്ഞിരിക്കുകയാണെന്നും വി. മുരളീധരൻ ആരോപിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശിയും കാറിലിടിച്ചും പ്രതിഷേധിച്ച ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 19 എസ്.എഫ്.ഐ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.