ശമ്പളവും പെന്‍ഷനും ട്രഷറി അക്കൗണ്ടുകളിലേക്ക് മാറുന്നു
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ട്രഷറിയിലേക്ക് മാറ്റുന്നു. ജനുവരി മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് ധനവകുപ്പ് നീക്കം. ശമ്പളത്തിലെയും പെന്‍ഷനിലെയും നിശ്ചിത ശതമാനം തുക ട്രഷറി അക്കൗണ്ടില്‍ നിലനിര്‍ത്തി ബാക്കി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ ശമ്പളം മതിയെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് അതിനും സൗകര്യമുണ്ടാകും. 600-700 കോടിയെങ്കിലും മാസം ട്രഷറിയില്‍ നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ.
ബാങ്ക് വഴിയും ട്രഷറി വഴിയും ഇടപാട് നടത്തുന്നതിന്‍െറ സൗകര്യം നിലനിര്‍ത്തി മുന്നോട്ടുപോകാനാണ് ലക്ഷ്യം. ബാങ്ക് അക്കൗണ്ട് വഴി പണം രാജ്യത്ത് എവിടെ നിന്നും പിന്‍വലിക്കാം. സംസ്ഥാനത്തെ 222 ട്രഷറികളും പരസ്പരം ബന്ധിതമായതോടെ ശമ്പളവും പെന്‍ഷനും ട്രഷറി വഴി വിതരണം ചെയ്യാന്‍ സജ്ജീകരണവുമായി. ഹാര്‍ഡ് വെയര്‍ മെച്ചപ്പെടുത്തല്‍ അടക്കം ചുരുക്കം ചില കാര്യങ്ങളേ ചെയ്യാനുള്ളൂ. ഇതിനകം ശമ്പള ബില്‍ സ്പാര്‍ക് വഴിയാക്കിക്കഴിഞ്ഞു. ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് നിലവില്‍ ശമ്പളം നല്‍കുന്നത്.
ശമ്പള വിതരണത്തിനായി 3500 കോടിയോളം രൂപയാണ് നല്‍കുന്നത്. ഭൂരിഭാഗം പേര്‍ക്കും ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. ഈ പണം മാസാദ്യം തന്നെ ട്രഷറിയില്‍നിന്ന് പുറത്തേക്ക് പോകും. ഇതില്‍ നിശ്ചിത ശതമാനം ട്രഷറി അക്കൗണ്ടുകളില്‍ നിലനിര്‍ത്തി ബാക്കി ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനാണ് ലക്ഷ്യം. ജീവനക്കാരന്‍െറ താല്‍പര്യപ്രകാരം ഈ തുകയും കൈമാറും. ട്രഷറികളില്‍ കോര്‍ ബാങ്കിങ് ആയതോടെ ഒരു ട്രഷറിയിലെ പണം മറ്റ് ഏത് ട്രഷറിയില്‍ നിന്നും പിന്‍വലിക്കാം. നേരത്തേ ഇത് സാധിക്കില്ലായിരുന്നു. ഇതിനുള്ള എല്ലാ സാങ്കേതിക തടസ്സങ്ങളും നീങ്ങിയതായും ജനുവരി മുതല്‍ ഇത് നടപ്പാക്കാന്‍ കഴിയുമെന്നും ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ശമ്പളവും പെന്‍ഷനും ഒറ്റ ദിവസംകൊണ്ട് പുറത്തേക്കൊഴുകുകയാണിപ്പോള്‍. ഇതില്‍ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്താനായാല്‍ ട്രഷറിയിലെ സമ്മര്‍ദം കുറക്കാനാകും. മറ്റ് ആവശ്യങ്ങള്‍ക്ക് പണം ലഭ്യമാകും. ഓവര്‍ഡ്രാഫ്റ്റും നിത്യനിദാന ചെലവ് അഡ്വാന്‍സ് വാങ്ങലും ഒഴിവാകും. ട്രഷറി എപ്പോഴും മിച്ചത്തിലാവുകയും ചെയ്യും. പൊതുവെ ട്രഷറിയെ ശക്തിപ്പെടുത്തുന്ന ധനകാര്യ മാനേജ്മെന്‍റാണ് മന്ത്രി ഡോ. തോമസ് ഐസക് സ്വീകരിക്കുന്നത്. കഴിഞ്ഞ തവണ മന്ത്രിയായപ്പോഴും അദ്ദേഹം ശമ്പളവും പെന്‍ഷനും ട്രഷറി വഴിയാക്കാന്‍ ശ്രമിച്ചിരുന്നു. ട്രഷറിയുടെ എ.ടി.എം വ്യാപകമായി സ്ഥാപിക്കാനായിരുന്നു നീക്കം. അന്ന് പദ്ധതിക്ക് റിസര്‍വ് ബാങ്കിന്‍െറ അനുമതി ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.