ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് മുങ്ങാൻ നിൽക്കുന്നവർക്ക് 'പണി' വരുമെന്ന മുന്നറിയിപ്പ് നൽകി കലക്ടർ
text_fieldsകൊല്ലം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മുങ്ങാൻ വ്യാജ ന്യായങ്ങൾ നിരത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിടിക്കാൻ കൊല്ലം ജില്ലാ കലക്ടർ. ഫെയ്സ്ബുക്കിലൂടെയാണ് കലക്ടർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ് അല്ലാത്തവർ സർക്കാർ സർവീസ് ഡ്യൂട്ടിക്കും ഫിറ്റ് ആവാൻ സാധ്യത കുറവാണെന്നാണ് കലക്ടറുടെ അറിയിച്ചിരിക്കുന്നത്.
''സർക്കാർ സർവീസിന് മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ് അല്ലാത്തവർ സർക്കാർ സർവീസ് ഡ്യൂട്ടിക്കും ഫിറ്റ് ആവാൻ സാധ്യത കുറവാണ്. ജാഗ്രത!'' എന്നാണ് പോസ്റ്റിന്‍റെ പൂർണരൂപം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിക്കാത്ത ഓഫീസുകളിലെ മേധാവികൾ നേരിട്ടെത്തി വിവരം നൽകണമെന്ന് കഴിഞ്ഞ ദിവസം കലക്ടർ ഉത്തരവിറക്കിയിരുന്നു. ഹാജരാകാത്ത മുഴുവൻ ഓഫീസ് മേധാവികൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.
ആറ് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളുടെ മുലയൂട്ടുന്ന അമ്മമാർ, വ്യക്തമായ ആരോഗ്യകാരണങ്ങൾ ബോധ്യപ്പെട്ടതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയവർ, ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചവർ എന്നിവർക്ക് മാത്രമേ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഇളവുള്ളു.
പ്രഥമ അധ്യാപകർക്കോ പ്രത്യേകം ഉദ്യോഗസ്ഥർക്കോ പ്രത്യേക ഇളവുകൾ ഇല്ലെന്നും, കാരണങ്ങൾ ഇല്ലാതെ വ്യാജ വിവരങ്ങൾ നൽകിയും ഡ്യൂട്ടിയിൽ നിന്നും ഒഴിവാകാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെരെയും അതിനു സഹായിക്കുന്നവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.
കലക്ടറുടെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകളുമുണ്ട്.
''വില്ലിംഗ്നെസ് ചോദിച്ചു നോക്കൂ. ഇലക്ഷൻ ഡ്യൂട്ടി എടുക്കാൻ വളരെ താൽപ്പര്യമുള്ള പുതുതലമുറയിലെ ധാരാളം ചുണക്കുട്ടന്മാർ സർവ്വീസിലുണ്ട്. വലിയ സീനിയേഴ്സുമാരെക്കാളും നന്നായി ഡ്യൂട്ടി ചെയ്യുകയും ചെയ്യും. സ്ത്രീകളെയും പ്രായമായവരെയും ഒക്കെ പിന്നീട് പരിഗണിക്കൂ. യുവതലമുറയിലെ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി തരൂ. ഞങ്ങൾ ചെയ്യാം ഡ്യൂട്ടി. അത് ഇലക്ഷൻ ഡ്യൂട്ടി ആയാലും PSC പരീക്ഷാ ഡ്യൂട്ടി ആയാലും.'' എന്നായിരുന്നു ഒരു പ്രതികരണം
''ഗവൺമെന്‍റ് ജോലിയിലുള്ളവരാണ് ഏറ്റവും കൂടുതൽ അവധി എടുക്കുന്നത്. ഇല്ലാത്ത അസുഖങ്ങൾക്ക് കൈക്കൂലി വാങ്ങി മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഡോക്ടർമാർക്കെതിരെയും ശക്തമായ നടപടി എടുക്കണം''. എന്നാണ് മറ്റൊരു പ്രതികരണം.
''ഡ്യൂട്ടിക്ക് ഇടാൻ കാണിക്കുന്ന ശുഷ്‌കാന്തി ഉദ്യോഗസ്ഥർക്ക് പ്രാഥമികകാര്യങ്ങൾക്കുള്ള സൗകര്യവും ആഹാരവും കൂടി ലഭ്യമാക്കുന്നതിൽ കാണിച്ചാൽ നന്നായിരുന്നു'' എന്നാണ് മറ്റൊരു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.