കേന്ദ്രവിലക്ക് മറികടന്ന് 15 വർഷം കഴിഞ്ഞ കെ.എസ്.ആർ.ടി.സി ബസുകളുടെ കാലപരിധി നീട്ടി സർക്കാർ
text_fieldsതിരുവനന്തപുരം: കേന്ദ്ര വിലക്ക് മറികടന്ന് 15 വർഷം കാലാവധി പൂർത്തിയാക്കിയ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളുടെയും കാലപരിധി നീട്ടി സർക്കാർഉത്തരവിറക്കി. ഇതോടെ 237 ബസുകൾക്കാണ് ഓടാൻ അനുമതി ലഭിച്ചത്. 15 വർഷം പൂർത്തിയായ വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കി നൽകേണ്ടതില്ലെന്നായിരുന്നു കേന്ദ്ര നിർദേശം. ഇത് നടപ്പായാൽ കൂട്ടത്തോടെ ബസ് സർവിസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഇത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇളവ് തേടി കെ.എസ്.ആർ.ടി.സി നേരത്തേ സർക്കാറിന് കത്തയച്ചിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള വാഹന്‍ സോഫ്റ്റ്വെയറില് ഇത് സംബന്ധിച്ച് മാറ്റം വരുത്താന്‍ കഴിയാത്തതിനാല്‍ ഈ വാഹനങ്ങളുടെ സേവനങ്ങള്‍ക്ക് സോഫ്റ്റ്‌വെയർ ഉപയോഗിക്കാനാകില്ല. മാത്രമല്ല, 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിവാഹൻ സോഫ്റ്റ്‌വെയർ വഴി ദീർഘിപ്പിച്ച് നൽകാനും സാധിക്കില്ല. ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയെന്നാണ് വാഹന്‍ സോഫ്റ്റ്‌വെയര്‍ കാണിക്കുന്നത്. ഈ സാഹചര്യത്തിൽ 2023 മാർച്ച് 31 ന് ശേഷവും ഫിറ്റ്നസ് കാലാവധിയുള്ളതുമായ എല്ലാ വാഹനങ്ങൾക്കും ഫിറ്റ്നസ് കാലാവധി കഴിയുന്നതുവരെ തുടരാമെന്നാണ് ഉത്തരവിൽ പറയുന്നത്.
കെ.എസ്.ആര്‍.ടി.സിയുടെ 86 വര്‍ക്ക്‌ഷോപ് വാനുകള്‍, 30 ജീപ്പുകള്‍, എട്ട് ടാങ്കറുകള്‍, ഡബിള്‍ ഡക്കറുകള്‍ എന്നിവക്കും ഇളവ് ലഭിക്കും. 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഏപ്രില്‍ മുതല്‍ പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതാണ് കെ.എസ്.ആര്‍.ടി.സിക്ക് വിനയായത്. ഉപയോഗത്തിലുള്ള 237 ബസുകള്‍ ഉടന്‍ പിന്‍വലിക്കേണ്ടിവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.