കടമെടുപ്പ് അര ശതമാനം കൂട്ടി; കെ.എസ്.ഇ.ബിയുടെ നഷ്ടം ഏറ്റെടുത്ത് സർക്കാർ
text_fieldsപാലക്കാട്: കടമെടുപ്പ് പരിധി അര ശതമാനം കൂട്ടാമെന്ന കേന്ദ്രത്തിന്റെ ഉറപ്പിൽ സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിയുടെ നഷ്ടം ഏറ്റെടുത്തു. ഊർജമേഖലയിൽ കാര്യക്ഷമത കൂട്ടുന്നതിന്റെ ഭാഗമായി 2021-22 മുതൽ 2024-25 വരെ നാലു വർഷത്തേക്കുള്ള പ്രോത്സാഹനമെന്ന നിലയിലാണ് കേന്ദ്രം സർക്കാറിന് മുന്നിൽ ഉപാധി വെച്ചത്. ഇത് അംഗീകരിച്ചതോടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ അര ശതമാനം അധികമായി കടമെടുക്കാൻ കേന്ദ്രം അനുവാദം നൽകി. ഈ വർഷം 4263 കോടി രൂപ കടമെടുക്കാനാണ് ഇതോടെ സാഹചര്യമൊരുങ്ങിയത്. അതേസമയം കഴിഞ്ഞ വർഷം (2021-22) ഇതേ ലക്ഷ്യത്തിൽ സംസ്ഥാന സർക്കാർ 4060 കോടി കൈപ്പറ്റിയതായി കേന്ദ്ര ധനകാര്യവകുപ്പിന്റെ രേഖകൾ വെളിപ്പെടുത്തുന്നുണ്ട്.
2021-22 സാമ്പത്തിക വർഷത്തെ നഷ്ടത്തിന്റെ 60 ശതമാനം, 2022-23ന്റെ 75 ശതമാനം, 2023-24ന്റെ 90 ശതമാനം 2024-25ന്റെ 100 ശതമാനം ഏറ്റെടുക്കാമെന്നാണ് സർക്കാറിന്റെ ഉറപ്പ്.
2021-22 സാമ്പത്തിക വർഷം കെ.എസ്.ഇ.ബി ലാഭത്തിലായതിനാൽ ആ തുക സംസ്ഥാന സർക്കാറിന് ലാഭമായി. 2022-23ലെ കെ.എസ്.ഇ.ബിയുടെ നഷ്ടം 1032.62 കോടിയാണ്. നഷ്ടത്തിന്റെ 75 ശതമാനമായ 767.51 കോടി ഈ വർഷം സംസ്ഥാനം ഏറ്റെടുക്കണം.
നഷ്ടം നികത്തിയില്ലെങ്കിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകുന്ന വിഹിതത്തിൽനിന്ന് അധിക കടമെടുപ്പ് തുക പിടിക്കുമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകിയിട്ടുണ്ട്. രാജ്യത്തെ 12 സംസ്ഥാനങ്ങൾക്ക് ഊർജ കാര്യക്ഷമത വർധിപ്പിക്കാൻ കേന്ദ്രം 27,238 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ജീവനക്കാരുടെ ആനുകൂല്യത്തിലും പിടിമുറുക്കി സർക്കാർ
പാലക്കാട്: കടമെടുപ്പിന്റെ പേരിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ ആനുകൂല്യത്തിലും സർക്കാർ പിടിമുറുക്കുന്നു. കെ.എസ്.ഇ.ബി നഷ്ടം ഏറ്റെടുക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ മുൻ അനുമതിയോടെ മാത്രമേ ജീവനക്കാരുടെ സർവിസ് ആനുകൂല്യങ്ങളിൽ മാറ്റം വരുത്താൻ പാടുള്ളൂവെന്ന് ധനകാര്യ വകുപ്പ്. ഏത് ആനുകൂല്യവും പുതുതായി നൽകുന്നതിന് മുമ്പ് സർക്കാറിന്റെയും ധനവകുപ്പിന്റെയും മുൻകൂർ അനുമതി വാങ്ങണമെന്ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബിന്ദ്ര കുമാർ അഗർവാൾ ഉത്തരവിട്ടു. ഇനി ശമ്പള പരിഷ്‍കരണം നടക്കണമെങ്കിൽ സർക്കാറിന്റെ അംഗീകാരം വേണം.
2021ലാണ് അവസാന ശമ്പള പരിഷ്‍കരണം നടന്നത്. ഇനി 2026ലാണ് നടക്കേണ്ടത്. കഴിഞ്ഞ രണ്ടുതവണയും ശമ്പളം കൂട്ടിയതിന് സർക്കാർ അംഗീകാരം നൽകിയിട്ടില്ല. സർക്കാർ അനുമതിയില്ലാതെ പരിഷ്‍കരിച്ച ശമ്പളവും പെൻഷനും തിരിച്ചുപിടിക്കണമെന്ന് ഊർജവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗത്തിൽ നിർദേശിച്ചിരുന്നു. 2022 ജനുവരി ഒന്നു മുതൽ ഡി.എ പരിഷ്‍കരിക്കേണ്ടതില്ലെന്നും ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. രണ്ട് ശമ്പളപരിഷ്‍കരണവും ഇടതുസർക്കാറിന്റെ കാലത്ത് നടന്നതിനാൽ ഈ സർക്കാർ അംഗീകാരം നൽകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.