മുഖ്യമന്ത്രി കൈയേറ്റങ്ങള്‍ സംരക്ഷിക്കാൻ ശ്രമിക്കുന്നു –രമേശ് ചെന്നിത്തല
text_fieldsകണ്ണൂര്‍: നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോയി മൂന്നാറിലെ കൈയേറ്റങ്ങള്‍ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സ്വന്തം പാർട്ടിക്കാർ കൈയേറിയതാണെങ്കിലും സംസ്ഥാനത്തിെൻറ ഭൂമി സംരക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഏതെങ്കിലും മതചിഹ്നങ്ങളെ ഉപയോഗിച്ച് കൈയേറ്റങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളോട് യോജിപ്പില്ല. എന്നാല്‍, മാധ്യമങ്ങളെയെല്ലാം വിളിച്ചുകൂട്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുരിശുതകര്‍ത്ത രീതിയും ശരിയായില്ല. കുരിശുതകര്‍ത്ത് വിവാദമുണ്ടാക്കിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. കുരിശ് ആദ്യം പൊളിച്ചാല്‍ മതവികാരം വ്രണപ്പെടും. അതോടെ കൈയേറ്റം ഒഴിപ്പിക്കൽ അവസാനിക്കുമെന്ന കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു സർക്കാറിെൻറ നീക്കം -ചെന്നിത്തല പറഞ്ഞു.
കൈകാര്യം ചെയ്ത രീതി തെറ്റി –എം.കെ. മുനീർ
കോഴിക്കോട്: മൂന്നാർ വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി തെറ്റിയെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. ഇക്കാര്യത്തിൽ നിയമസഭക്കകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും കൈയേറ്റക്കാരുമായി സർക്കാർ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോഴിക്കോട് ലീഗ് ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് ഹൗസിലെത്തിയ ഇദ്ദേഹത്തിന് മധുരം നൽകിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ഉജ്ജ്വല വരവേൽപ്പ് നൽകി. സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി ഉദ്ഘാടനം ചെയ്തു.
ഒഴിപ്പിക്കൽ നിർത്തരുത് –എ.െഎ.ടി.യു.സി
തൃശൂർ: മൂന്നാറിൽ സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് തിരിച്ചു പിടിക്കാനും കൈയേറ്റം ഒഴിപ്പിക്കാനുമുള്ള നടപടി തുടരണമെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
ഒഴിപ്പിക്കൽ നിർത്തരുത്. സർക്കാർ, നിയമസഭ സമിതികളും മനുഷ്യവകാശ കമീഷനും കൈയേറ്റം സംബന്ധിച്ച് വ്യക്തവും വിശദവുമായ റിപ്പോർട്ടുകളാണ് നൽകിയതെന്നും സർക്കാർ നടപടികളെ സ്വാഗതം ചെയ്യുകയാണെന്നും തൃശൂരിൽ രണ്ട് ദിവസങ്ങളിലായി നടന്ന എ.ഐ.ടി.യു.സി പ്രവർത്തക സമിതി അറിയിച്ചു. കർഷക തൊഴിലാളികൾ, തോട്ടം, മത്സ്യം, തൊഴിലുറപ്പ്, മറ്റ് ദിവസകൂലിക്കാരായ തൊഴിലാളികളാണ് ഭൂമി ലഭിക്കാൻ ഏറ്റവും അർഹതയുള്ളവർ. ഇവർക്ക് അടിയന്തരമായി ഭൂമി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം. മിനിമം കൂലി 18,000 രൂപയായി ഉയർത്തുക, കരാർ, കാഷ്വൽ, ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അടുത്തമാസം 15 മുതൽ 19 വരെ സെക്രേട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹം നടത്താൻ തീരുമാനിച്ചു.
കൈയേറ്റമൊഴിപ്പിക്കല്‍ മുഖ്യമന്ത്രി അട്ടിമറിക്കുന്നു –ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുെന്നന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വന്‍കിട കൈയേറ്റക്കാരനായ ടാറ്റയെ ഒഴിവാക്കി റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തുന്ന ഒഴിപ്പിക്കല്‍ ഭാഗികമാണ്. അതും അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമം. കൈയേറ്റക്കാര്‍ക്കുവേണ്ടി മുഖ്യമന്ത്രി കലക്ടർ, സബ്കലക്ടര്‍ എന്നിവരെ പരസ്യമായി ശാസിക്കുകയാണ്.
ജിഷ്ണുവിെൻറ മാതാവിനെതിരെ നടന്ന അക്രമത്തിൽ കുറ്റക്കാരനായ ഒരു ഉദ്യോഗസ്ഥനോടുപോലും ഒരു ചോദ്യം പോലും ചോദിക്കാതിരുന്നതിന് മുഖ്യമന്ത്രി പറഞ്ഞ ന്യായം ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകരുമെന്നായിരുന്നു. എന്നാല്‍ കേരളം ഒറ്റക്കെട്ടായി പിന്തുണക്കുന്ന കൈയേറ്റമൊഴിപ്പിക്കലിന് നേതൃത്വംനല്‍കിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയും മന്ത്രി മണിയും പരസ്യമായി അധിക്ഷേപിക്കുകയാണ്. കൈയേറ്റത്തെ ന്യായീകരിക്കുന്ന മന്ത്രി മണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.