പട്ടികവർഗക്കാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ ഹൈകോടതിയിൽ
text_fieldsകോഴിക്കോട്: ജലവിഭവ വകുപ്പിൽ പട്ടികവർഗക്കാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ ഹൈകോടതിയിൽ. ജലവിഭവ വകുപ്പിൽ ഒഴിവുവന്ന ചീഫ് എൻജിനീയർ തസ്തികയിൽ പട്ടികവർഗ വിഭാഗത്തിൽപെട്ട അർഹരായ മൂന്നു പേർക്ക് സ്ഥാനക്കയറ്റം നൽകണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെയാണ് സർക്കാർ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാന ജലവിഭവവകുപ്പിൽ ചീഫ് എൻജിനീയർ തസ്തികയിൽ മെക്കാനിക്കൽ വിഭാഗത്തിൽ ഒന്നും സിവിൽ വിഭാഗത്തിൽ അഞ്ചും ചീഫ് എൻജിനീയർമാരുടെ തസ്തികയാണുള്ളത്. ഇതിൽ സിവിൽ വിഭാഗത്തിൽ മൂന്നു തസ്തികകൾ രണ്ടു വർഷത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. ഈ തസ്തികയിലേക്ക് യോഗ്യരായ മൂന്നു സൂപ്രണ്ടിങ് എൻജിനീയർമാർ ഉണ്ടായിരിക്കെയാണ് ഇഷ്ടപ്പെട്ടവർക്ക് ചുമതല നൽകി ഒഴിവുകളിൽ ജലവിഭവ വകുപ്പ് നിയമനം നടത്തുന്നത്.
വേണ്ടപ്പെട്ടവരെ അഭിമുഖം നടത്തി ചീഫ് എൻജിനീയർ തസ്തികയിൽ നിയമനം നടത്താൻ നീക്കം നടത്തിയെങ്കിലും സ്ഥാനക്കയറ്റത്തിന് അർഹയുള്ളവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതേത്തുടർന്ന് ഡിപ്പാർട്മെന്റ് പ്രമോഷൻ കൗൺസിൽ ചേരാൻ നിർദേശം നൽകി. നിലവിലെ ചട്ടപ്രകാരം പ്രമോഷൻ നിയമനം ലഭിക്കേണ്ടത് പട്ടികവർഗ വിഭാഗത്തിൽപെട്ട മൂന്നു പേർക്കാണ്. മലയരയൻ, ഉള്ളാടൻ, ഊരാളി വിഭാഗക്കാരാണ് ഇവർ മൂന്നുപേരും. ഇതിൽ ഒരാൾക്ക് ഇടക്കാലത്ത് ചീഫ് എൻജിനീയറുടെ ചുമതല നൽകിയിട്ടുണ്ട്. തങ്ങളെ മറികടന്ന് പട്ടികയിൽ പിന്നിലുള്ളവർക്ക് ചുമതല നൽകി നിയമിച്ചു എന്നുകാണിച്ച് പരാതി നൽകിയതിനെ തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ നിയമനം നടത്താൻ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇതിന്റെ കാലാവധി 28ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ ഹൈകോടതിയെ സമീപിച്ചത്.
സർക്കാറിന്റെ വിവേചനാധികാരപ്രകാരമുള്ള നിയമനമാണ് ചീഫ് എൻജിനീയർ പദവിയെന്നു കാണിച്ചാണ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. പട്ടികവർഗക്കാരെ ഉന്നത പദവികളിലേക്ക് സ്ഥിരം നിയമനം നടത്താതിരിക്കാനുള്ള ഗൂഢോദ്ദേശ്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. മൂന്നു സൂപ്രണ്ടിങ് എൻജിനീയർമാർക്കും 10 വർഷത്തിലേറെ സർവിസും ബാക്കിയുണ്ട്. വകുപ്പു മന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതിയിലും ഇവർക്ക് അനുകൂല സമീപനം ലഭിച്ചിട്ടില്ല. സംവരണാടിസ്ഥാനത്തിൽ കയറിവന്നവരാണ് ഇവരെന്നും ഈ തസ്തികയിൽ ഇരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് ജലവിഭവവകുപ്പ് മന്ത്രിയുടെ ഓഫിസിൽനിന്ന് ലഭിച്ച മറുപടിയത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.