പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർധിപ്പിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാരുടെ വേതനം 18,390 രൂപയിൽ നിന്ന് 24,520 രൂപയാക്കി വർധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന് നൽകാവുന്ന വേതനമായാണ് വർധിപ്പിച്ചത്. ഒക്ടോബർ ഒന്നുമുതൽ തീരുമാനത്തിന് പ്രാബല്യമുണ്ട്.
പാലിയേറ്റീവ് നഴ്സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എൻ/എഎൻഎം പാസായവർക്കാകും ഈ വേതനം ലഭിക്കുക. നഴ്സുമാരുടെ ഫീൽഡ് സർവീസ് 20 ദിവസമെങ്കിലും രോഗികള്‍ക്ക് ലഭ്യമാക്കും. പാലിയേറ്റീവ് നഴ്സുമാർക്ക് ഉത്സവബത്ത കരാറടിസ്ഥാനത്തിൽ നിയമിക്കുന്നവരുടേതിന് തുല്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പ് കോർഡിനേഷൻ കമ്മിറ്റിയിലാണ് തീരുമാനം. പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ (സി.ഐ.ടി.യു) നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.
സംസ്ഥാനത്ത് പാലിയേറ്റീവ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെ പരമാവധി സഹായിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് മെച്ചപ്പെട്ട ശുശ്രൂഷയും പരിചരണവും ഉറപ്പാക്കാൻ നടപടി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.