ഗവ. ലോ കോളജ് സംഘർഷം; സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ഇന്ന് ശേഖരിക്കും
text_fieldsതിരുവനന്തപുരം: ഗവ. ലോ കോളജിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷവുമായി ബന്ധപ്പെട്ടും അധ്യാപികയെ കൈയേറ്റം ചെയ്ത കേസിലും പൊലീസ് ഇന്ന് കോളജിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കും. സംഘർഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച എല്ലാ വിദ്യാർഥിസംഘടനാ പ്രതിനിധികളുമായി പ്രിൻസിപ്പിലിന്റെ നേതൃത്വത്തിൽ ചർച്ച നടക്കാനിരിക്കുകയാണ്.
യൂനിയൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ 30 ഓളം വരുന്ന പ്രവർത്തകർ കെ.എസ്.യുവിന്റെ കൊടിമരം നശിപ്പിക്കുന്നതും കൊടിയും തോരണങ്ങളും തീയിട്ട് നശിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അക്രമത്തിൽ പങ്കാളികളായ 24 എസ്.എഫ്.ഐ പ്രവർത്തകരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. എന്നാൽ കെ.എസ്.യുക്കാർക്കെതിരെയും നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ സമരമുഖത്തുണ്ട്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ഓൺലൈനായാണ് നടത്തുന്നത്. 24ന് നടക്കേണ്ട യൂനിയൻ തെരഞ്ഞെടുപ്പും നീട്ടിവെക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നുണ്ട്.
അധ്യാപിക സഞ്ജുവിനെ വിദ്യാർഥികൾ ആക്രമിച്ചതിലടക്കം രജിസ്റ്റർ ചെയ്ത കേസുകളിൽ പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന നിർദേശമാണ് ശനിയാഴ്ച ചേർന്ന രക്ഷിതാക്കളുടെ ജനറൽ ബോഡി യോഗത്തിൽ ഉയർന്നത്.
ഈ സാഹചര്യത്തിൽ നടപടി നേരിട്ട വിദ്യാർഥികളുമായും അവരുടെ രക്ഷിതാക്കളുമായും തിങ്കളാഴ്ച പ്രിൻസിപ്പൽ ബിജുകുമാർ ചർച്ച നടത്തും. അവസാന വർഷ വിദ്യാർഥികളുടെ പരീക്ഷ ഏപ്രിൽ രണ്ടാം വാരം നടക്കുന്നതിനാൽ ഇവർക്കുള്ള ക്ലാസുകൾ പൂർണമായി ഓൺലൈനാക്കാൻ കഴിയില്ലെന്ന് അധ്യാപകർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാനുള്ള പോംവഴിയാണ് കോളജ് അധികൃതർ തേടുന്നത്. കൂടാതെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമോയെന്ന കാര്യത്തിലും തിങ്കളാഴ്ച സ്റ്റാഫ് കൗൺസിൽ ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.