വഖഫ് ബോർഡ് വെൽഫെയർ സ്കീമിന് ഫണ്ട് നൽകാതെ സർക്കാർ
text_fieldsപാലക്കാട്: സംസ്ഥാന സർക്കാറിന്റെ ഗ്രാന്റ് കുടിശ്ശികയായതോടെ വഖഫ് ബോർഡിന്റെ സോഷ്യൽ വെൽഫെയർ സ്കീം സ്തംഭനത്തിൽ. അഞ്ച് വർഷമായി തീർപ്പാവാതെ കിടക്കുന്നത് 6000ത്തിലധികം സഹായ അപേക്ഷകൾ.
2023-24 ബജറ്റിൽ വകയിരുത്തിയ 1.32 കോടി രൂപയിൽ രണ്ട് ഗഡുവായി 50 ലക്ഷം രൂപ മാത്രമേ സർക്കാർ നൽകിയിട്ടുള്ളു. മുൻ വർഷങ്ങളിലെ കുടിശ്ശികയടക്കം രണ്ട് കോടിയോളം രൂപ ഈയിനത്തിൽ ബോർഡിന് നൽകാനുണ്ട്.
വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത 13,000 സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള പ്രതിമാസ പെൻഷൻ, മാരകരോഗം ബാധിച്ചവർക്കുള്ള ചികിത്സ ധനസഹായം, നിർധന പെൺകുട്ടികളുടെ വിവാഹ ധനസഹായം, വിവാഹമോചിതർക്കുള്ള ധനസഹായം, അനാഥശാലകളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തുടങ്ങിയവയാണ് സ്കീമിന്റെ ഭാഗമായി നൽകുന്നത്. വഖഫ് സ്ഥാപനങ്ങൾ ശിപാർശ ചെയ്യുന്നവർക്കാണ് ആനുകൂല്യത്തിന് അർഹത. കാലിക്കറ്റ് സർവകലാശാല ഇസ്ലാമിക് ചെയറിനുള്ള സഹായവും ഇതിൽനിന്നാണ്.
ഫണ്ടിന്റെ അപര്യാപ്തത മൂലം 2018 മുതലുള്ള അപേക്ഷകൾ തീർപ്പാക്കാനാവുന്നില്ല. അർബുദം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ബാധിച്ചവർക്ക് ചികിത്സ സഹായമായി 15,000 രൂപ നൽകണം. 1346 ചികിത്സ സഹായ അപേക്ഷകൾ പാസാക്കിയിട്ടും പണം നൽകാൻ കഴിഞ്ഞിട്ടില്ല. 370ലേറെ അപേക്ഷ പാസാക്കാനുണ്ട്. ഇവക്കെല്ലാമായി രണ്ടര കോടിയോളം രൂപ വേണം. അഞ്ചുവർഷം മുമ്പുള്ള 3050 വിവാഹ ധനസഹായ അപേക്ഷകൾ പാസാക്കിയിട്ടും പണം കൊടുത്തിട്ടില്ല. പുതുതായി ലഭിച്ച 310 അപേക്ഷയും മുടങ്ങിക്കിടക്കുന്നു. 10,000 രൂപവെച്ച് വിവാഹ ധനസഹായത്തിന് 3.5 കോടി രൂപ ആവശ്യമാണ്.
ചികിത്സ സഹായത്തിന് അപേക്ഷിച്ചവരിൽ പലരും ഇതിനിടെ മരിച്ചു. സ്കീമിന് ബജറ്റിൽ വകയിരുത്തുന്ന ഫണ്ട് തീർത്തും അപര്യാപ്തമാണെന്ന് ബോർഡ് അംഗങ്ങൾ പറയുന്നു.
നീക്കിവെച്ച പണംപോലും സർക്കാർ കൃത്യമായി നൽകുന്നില്ല. വഖഫ് മന്ത്രി അധ്യക്ഷനും ബോർഡ് ചെയർമാൻ ഉപാധ്യക്ഷനുമായ സമിതിക്കാണ് സോഷ്യൽ വെൽഫെയർ സ്കീമിന്റെ മേൽനോട്ടം. വകുപ്പ് മന്ത്രിയും മുൻ ചെയർമാനും തമ്മിലുള്ള ശീതസമരം കാരണം കഴിഞ്ഞ രണ്ടുവർഷത്തോളം സമിതി യോഗം ചേർന്നിരുന്നില്ല.
സ്കീമിന്റെ പ്രവർത്തനം താളംതെറ്റാൻ ഇതും കാരണമായിരുന്നു. പുതിയ ചെയർമാൻ ചുമതലയേറ്റ ശേഷം മന്ത്രിയുടെ അധ്യക്ഷതയിൽ സമിതി സെപ്റ്റംബർ ഒമ്പതിന് യോഗം ചേർന്നിരുന്നെങ്കിലും സർക്കാർ കുടിശ്ശിക വാങ്ങിയെടുക്കാൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.