ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ സർക്കാർ
text_fields2021 ആഗസ്റ്റിൽ നിലവിൽ വന്ന ആരോഗ്യവകുപ്പ് നഴ്സിങ് ഓഫിസർ റാങ്ക് ലിസ്റ്റിൽ 7000 ഉദ്യോഗാർഥികൾ. 2024 ഡിസംബറിൽ അവസാനിക്കുന്ന ലിസ്റ്റിൽ ഇതുവരെ നടന്നത് 500 താഴെ നിയമനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പി.എസ്.സി നിയമനങ്ങളും മരവിപ്പിൽ. ആരോഗ്യവകുപ്പിൽ നഴ്സിങ് ഓഫിസർ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒന്നരവർഷം പിന്നിട്ടിട്ടും നിയമനം നടന്നത് 10 ശതമാനത്തിൽ താഴെ മാത്രം. 2021 ആഗസ്റ്റിൽ നിലവിൽ വന്ന ലിസ്റ്റിൽ 7000 ഉദ്യോഗാർഥികളാണുള്ളത്. 2024 ഡിസംബറിൽ അവസാനിക്കുന്ന ലിസ്റ്റിൽ ഇതുവരെ നടന്നത് 500 താഴെ നിയമനങ്ങൾ. ഇടുക്കി, വയനാട് ജില്ലകളിൽ നിയമനം ഒറ്റ സംഖ്യയിലാണ്. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജില്ല മെഡിക്കൽ ഓഫിസർമാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല.
നഴ്സിങ് ഓഫിസർ തസ്തികയിൽ 200 പ്രമോഷനുകൾ നടന്നിട്ടും യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ നിലവിലുള്ളവരെക്കൊണ്ട് പണിയെടുപ്പിച്ച് മുണ്ടുമുറുക്കുകയാണ് സർക്കാറും ആരോഗ്യ വകുപ്പും. പല ജില്ലകളിൽ അമ്മയും കുഞ്ഞും ആശുപത്രികളുടെ ഉദ്ഘാടനം നടന്നതല്ലാതെ അവിടെയും സ്റ്റാഫ് തസ്തിക സൃഷ്ടിക്കുന്നില്ല. സാമൂഹികാരോഗ്യകേന്ദ്രങ്ങളെ താലൂക്ക് ആശുപത്രികളായും ജില്ല ആശുപത്രികളായും ഉയർത്തിയെങ്കിലും പഴയ സ്റ്റാഫ് പാറ്റേണാണ് നിലനിൽക്കുന്നത്.
ഒരുവർഷത്തിന് താഴെ കാലാവധിയുള്ള അസിസ്റ്റന്റ് സർജൻ/ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് പട്ടികയിൽനിന്ന് ഇതുവരെ നിയമന ശിപാർശ ലഭിച്ചത് 152 പേർക്ക് മാത്രമാണ്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നാലായിരത്തോളം പേർക്ക് നിയമനം ലഭിച്ച സ്ഥാനത്താണിത്. 2022 ജൂൺ 27നായിരുന്നു റാങ്ക് പട്ടികയിൽനിന്ന് അവസാന നിയമന ശിപാർശ. ജില്ല, താലൂക്ക് ആശുപത്രികളിലും സി.എച്ച്.സികളിലുമായി 400ഓളം ഒഴിവുകളെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. മെഡിക്കൽ കോളജുകളിൽ മാത്രം 800 ഓളം ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
സർക്കാർ സ്കൂളുകളിലെ അധ്യാപക ഒഴിവുകളും കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ല. ഉദ്യോഗാർഥികൾ സമരവുമായി രംഗത്തെത്തിയതോടെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വിവിധ ബറ്റാലിയനുകളിലേക്കുള്ള പുരുഷ പൊലീസ് കോൺസ്റ്റബിൾ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നതിലും നിയമന ശിപാർശ നൽകുന്നതിലും സർക്കാറും പി.എസ്.സിയും ഒത്തുകളി തുടരുകയാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ 10 മാസം മാത്രം ബാക്കിനിൽക്കെ, ഇതുവരെ റിപ്പോർട്ട് ചെയ്തത് 1536 ഒഴിവുകളാണ്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 5610 പേർക്ക് നിയമനം ലഭിച്ച സ്ഥാനത്താണിത്. 13,975 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.