യു.ജി.സി ചട്ടഭേദഗതിയെ എതിർത്ത് സർക്കാർ
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യു.ജി.സി ചട്ടഭേദഗതിയുടെ കരടിൽ ഒളിച്ചുകടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ജി.സിയും കേന്ദ്ര സർക്കാറും അടിച്ചേൽപിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണ, വർഗീയവത്കരണ, കേന്ദ്രീകരണ നയങ്ങളുടെ തുടർച്ചയാണ് പുതിയ നിർദേശങ്ങൾ. സംസ്ഥാന സർവകലാശാലകളുടെ സർവാധികാരിയായി ചാൻസലറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപവത്കരണം പോലും ചാൻസലറുടെ മാത്രം അധികാരമാക്കി മാറ്റുന്നത് ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. ഗവർണറുടെ പ്രവർത്തനങ്ങൾ മന്ത്രിസഭയുടെ നിർദേശങ്ങൾക്ക് വിധേയമായിട്ടായിരിക്കണമെന്ന ഭരണഘടന കാഴ്ചപ്പാടാണ് ഇവിടെ തകർന്നത്. സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനമുൾപ്പെടെ കേന്ദ്ര സർക്കാർ താല്പര്യപ്രകാരം തീരുമാനിക്കപ്പെടുന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളിയാണ്.
വൈസ് ചാൻസലർ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിർദേശം സർവകലാശാല ഭരണ തലപ്പത്തേക്ക് സംഘ്പരിവാർ ആജ്ഞാനുവർത്തികളെ എത്തിക്കാനുള്ള കുറുക്കുവഴിയാണ്. ചട്ടഭേദഗതിയിലെ സംഘ്പരിവാർ അജണ്ടക്കെതിരെ ജനാധിപത്യ ശക്തികൾ രംഗത്തുവരണം -മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വൈസ് ചാൻസലർ നിയമനം സംബന്ധിച്ച യു.ജി.സി മാർഗരേഖ സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ഉന്നത വിദ്യഭ്യാസമേഖലയിലെ അധികാരം കവരാനാണ് കേന്ദ്ര നീക്കം. സംസ്ഥാനം ഫണ്ട് നൽകിയും എല്ലാ വിധ പിന്തുണ നൽകിയും മുന്നോട്ടുപോവുന്ന സർവകലാശാലകളിൽ നമുക്ക് അധികാരമില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. യു.ജി.സിയെ ഉപയോഗിച്ച് കാവിവത്കരണം നടത്തുകയാണ് കേന്ദ്രം.
ഇതിനെതിരെ നിയമപരമായി നീങ്ങുന്നതടക്കം പരിശോധിക്കും. നടി ഹണി റോസിന്റെ പരാതിയിൽ പൊലീസ് നടപടിയെ പിന്തുണക്കുന്നു. സമൂഹമാധ്യമങ്ങൾ വലിയ തോതിൽ സ്ത്രീവിരുദ്ധ ഇടങ്ങളായി മാറുന്നുണ്ട്. സ്ത്രീകളെ ഇകഴ്ത്തുന്ന കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ കാണുക. മലയാളിയുടെ സാംസ്കാരിക ദാരിദ്ര്യമാണിത്. - മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.