ഗവ. പ്ലീഡറുടെ പെരുമാറ്റം അതിരുവിട്ടു; സിറ്റിങ് നിർത്തി ജഡ്ജി മടങ്ങി
text_fieldsകൊച്ചി: സർക്കാർ അഭിഭാഷകെൻറ അതിരുവിട്ട പെരുമാറ്റത്തെത്തുടർന്ന് ഹൈകോടതി ജഡ്ജി സിറ്റിങ് നിർത്തി ചേംബറിലേക്ക് മടങ്ങി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് പി. ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെ ചേംബറിലേക്ക് വിളിച്ചുവരുത്തി ഗവ. പ്ലീഡറുടെ പെരുമാറ്റത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർന്ന് ഈ ബെഞ്ചിൽ ഹാജരാകുന്നതിൽനിന്ന് ബന്ധപ്പെട്ട ഗവ. പ്ലീഡറെ നീക്കുകയും ജാമ്യഹരജി പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. പ്രോസിക്യൂഷൻ തടസ്സവാദമുന്നയിച്ചിട്ടും പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സർക്കാർ അഭിഭാഷകനായ സി.എൻ. പ്രഭാകരൻ മോശം പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പരാമർശങ്ങൾ തുടർന്നതോടെ ജഡ്ജി സിറ്റിങ് നിർത്തി ചേംബറിലേക്ക് മടങ്ങുകയായിരുന്നു. സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനെൻറ സഹോദരനാണ് സി.എൻ. പ്രഭാകരൻ.
ഇതിനിടെ, ഗവ. പ്ലീഡറായ രശ്മിത രാമചന്ദ്രൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ നടത്തിയ അഭിപ്രായപ്രകടനത്തെ ചൊല്ലിയും വിവാദമുണ്ടായി. 'മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല' എന്ന് പോസ്റ്റിട്ട രശ്മിതക്കെതിരെ നടപടി ആവശ്യപ്പെട്ട് വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥരും ഒരു യുവമോർച്ച ദേശീയനേതാവും അഡ്വക്കറ്റ് ജനറലിന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.