നക്‌സൽ വർഗീസിൻെറ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാമെന്ന് സർക്കാർ
text_fieldsകൊച്ചി: വയനാട് തിരുനെല്ലിക്കാട്ടിൽ പൊലീസ് വെടിവെച്ചുകൊന്ന നക്‌സൽ നേതാവ് വർഗീസിെൻറ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരം നൽകാൻ തയാറെന്ന് സർക്കാർ ഹൈകോടതിയിൽ. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് 2016ൽ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായ നിലപാടാണ് വെള്ളിയാഴ്ച സർക്കാർ ഹൈകോടതി മുമ്പാകെ അറിയിച്ചത്. അപേക്ഷ ലഭിച്ചാൽ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സർക്കാർ അഭിഭാഷകൻ വാക്കാൽ അറിയിക്കുകയായിരുന്നു.
50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വർഗീസിെൻറ സഹോദരങ്ങൾ നൽകിയ ഹരജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ചക്കകം സർക്കാറിന് അപേക്ഷ നൽകാൻ ഹരജിക്കാരോട് കോടതി നിർദേശിച്ചു. അപേക്ഷ ലഭിച്ചാൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കാൻ നിർദേശം നൽകിയ ജസ്റ്റിസ് എൻ. നഗരേഷ് ഹരജി തീർപ്പാക്കി.
വർഗീസിെൻറ മരണംമൂലം കുടുംബത്തിെൻറ അന്തസ്സ്, സൽപേര്, സ്നേഹം, ആശ്രയം, സംരക്ഷണം, സുരക്ഷ തുടങ്ങിയവ നഷ്ടമായെന്നും ഇതിനു നിയമപരമായി നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. വെള്ളിയാഴ്ച ഹരജി പരിഗണിക്കവെ, മാറിയ സാഹചര്യത്തിൽ ആവശ്യത്തോട് സർക്കാർ അനുഭാവം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഹരജിക്കാർ പറഞ്ഞു. വർഗീസ് കൊടുംകുറ്റവാളിയല്ലെന്ന് പറയാൻ മതിയായ കാരണങ്ങൾ അന്വേഷണസംഘവും വിചാരണക്കോടതിയും കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2016ൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. വയനാട്ടിലെ കാടുകളിൽ കൊലയും കൊള്ളയും നടത്തിവന്ന വർഗീസ് നക്‌സൽ സംഘത്തിെൻറ നേതാവായിരുന്നെന്നും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നുമാണ് ആഭ്യന്തര അണ്ടർ സെക്രട്ടറി ആർ. സന്തോഷ്കുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം 2016 ജൂലൈ 22ന് മുൻ സർക്കാർ നിയമിച്ച ഗവ. പ്ലീഡറാണ് ഈ സത്യവാങ്മൂലം നൽകിയത്.
വർഗീസിനെ പിടികൂടിയ ശേഷം വെടിവെച്ചുകൊന്നതാണെന്ന് സർവിസിൽനിന്ന് വിരമിച്ചശേഷം കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ വെളിപ്പെടുത്തിയതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട യാഥാർഥ്യം പുറത്തുവന്നത്. സി.ബി.ഐ അന്വേഷിച്ച കേസിൽ ഐ.ജി ലക്ഷ്മണക്ക് ജീവപര്യന്തം വിധിച്ചിരുന്നു. പിന്നീട് സർക്കാർ ശിക്ഷ ഇളവുനൽകി ലക്ഷ്മണയെ മോചിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.