സർക്കാർ 2000 കോടി നൽകണം -വിഴിഞ്ഞം സമര സമിതി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം വഴി ജീവനും ജീവനോപാധികളും നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ 2000 കോടി രൂപ നൽകണമെന്ന് തിരിച്ചടിച്ച് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത. നിർമാണം തടസ്സപ്പെട്ടതിന് 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന സർക്കാറിന്‍റെ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ (വിസൽ) വാദങ്ങൾക്ക് മറുപടിയായാണ് സഭയുടെ നിലപാട്. തുറമുഖ നിർമാണത്തിനെതിരായ സമരം സമവായത്തിലെത്തിക്കാനാവാതെ കുഴയുമ്പോൾ സമരസമിതിയെ പ്രകോപിപ്പിച്ച വിസലിന്‍റെ നടപടിയിൽ സർക്കാർ അതൃപ്തിയിലാണ്.
സമരസമിതിയുമായി ചർച്ചക്ക് സാധ്യത തേടുമ്പോൾ നഷ്ടപരിഹാരം അതിരൂപതയിൽനിന്ന് ഈടാക്കണമെന്ന കത്ത് വിസൽ നൽകിയത് ശരിയായില്ലെന്ന് തുറമുഖ വകുപ്പിന് അഭിപ്രായമുണ്ട്. ഇത് സമവായ ശ്രമത്തിന് തിരിച്ചടിയായേക്കും. പുതിയ സാഹചര്യത്തിൽ അദാനിയുമായി സർക്കാർ ചർച്ച നടത്തും. മിക്കവാറും വ്യാഴാഴ്ച ചർച്ച നടന്നേക്കും.
തുറമുഖ നിർമാണം പൂർത്തീകരിക്കാൻ വൈകിയതിന് അദാനി കരാർ പ്രകാരം ദിവസം 12 ലക്ഷം രൂപയാണ് നഷ്ടപരിഹാരം സംസ്ഥാനത്തിന് നൽകേണ്ടതെന്ന് സമരസമിതി കൺവീനർ ഫാദർ തീയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. 2019 ഡിസംബറിൽ പണി പൂർത്തീകരിക്കേണ്ടതായിരുന്നു. അന്നു മുതൽ 2022 ഒക്ടോബർ ഒമ്പത് വരെയുള്ള 1015 ദിവസത്തെ നഷ്ടപരിഹാരമായി 121.80 കോടി രൂപ നഷ്ടപരിഹാരം ഈടാക്കേണ്ടതാണ്. പുലിമുട്ട് നിർമാണം കാരണം 647 വീടാണ് തകർന്നത്. ഒരു വീടിന് 15 ലക്ഷം രൂപയെങ്കിലും കുറഞ്ഞത് മതിപ്പ് വില കണക്കാക്കിയാൽ 97.5 കോടി രൂപയാണ് നഷ്ടപരിഹാരം.
സ്ഥലം നഷ്ടമായവരുടെ കണക്കെടുത്താൽ കുറഞ്ഞത് നാല് സെന്‍റ് സ്ഥലത്തിന് ഏഴു ലക്ഷം രൂപ മതിപ്പ് വില കണക്കാക്കുമ്പോൾ 1811.6 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടതാണ്. വള്ളം നഷ്ടമാകുമ്പോൾ വലക്ക് 20 ലക്ഷവും എൻജിന് 12 ലക്ഷവുമാണ് ഏകദേശം വില വരുന്നത്. നിർമാണം ആരംഭിച്ച് ഇതുവരെ 73 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മരിച്ചയാൾക്ക് 25 ലക്ഷം മുതൽ 50 ലക്ഷം വരെ സർക്കാർ നഷ്ടപരിഹാരം അനുവദിക്കാറുണ്ട്. വാണിജ്യ തുറമുഖ നിർമാണം കാരണം വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മണ്ണടിയുന്നു. അത് ഡ്രഡ്ജ് ചെയ്ത് മാറ്റാൻ ഇതുവരെ തയാറായിട്ടില്ല.
തങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്താതെ സർക്കാർ രൂപവത്കരിച്ച വിദഗ്ധ സമിതിയെ അംഗീകരിക്കാൻ സാധ്യമല്ലെന്ന നിലപാടാണ് സമര സമിതിക്ക്. സമിതിയോട് മുഖം തിരിക്കാൻ ലത്തീൻ അതിരൂപത തീരുമാനിച്ചതോടെ, മത്സ്യത്തൊഴിലാളികളിൽനിന്ന് തെളിവ് ശേഖരിക്കുക എന്ന ചുമതല നിർവഹിക്കാൻ കഴിയാതെ വരും. ഇതോടെ, റിപ്പോർട്ടിന്‍റെ സാംഗത്യവും ചോദ്യം ചെയ്യപ്പെടും. തുറമുഖ നിർമാണം നിർത്തിവെക്കുക എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ സമരസമിതി നിർവാഹക സമിതിയും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.