കത്ത് വിവാദം തണുപ്പിക്കാൻ സർക്കാർ; പ്രതിപക്ഷ കക്ഷികളുമായി മന്ത്രി രാജേഷ് ഇന്ന് ചർച്ച നടത്തും
text_fieldsതിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് കോർപറേഷനകത്തും പുറത്തും ഒരുമാസത്തോളമായി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ വകുപ്പ് മന്ത്രി ഇടപെടുന്നു.തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രത്യേക യോഗം ചേരും. സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേംബറിൽ വൈകീട്ട് നാലിന് നടക്കുന്ന അനുനയ നീക്കത്തിൽ യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ പങ്കെടുക്കും.
വിവാദ കത്തുകളിൽ ഒരെണ്ണം എഴുതിയത് താനാണെന്ന് ഒടുവിൽ സമ്മതിച്ച കോർപറേഷൻ സി.പി.എം പാർലമെന്‍ററി പാർട്ടി സെക്രട്ടറിയും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഡി.ആർ. അനിലിനെ ചുമതലകളിൽനിന്നൊഴിവാക്കി പ്രശ്നപരിഹാരത്തിന് സാധ്യത ആലോചിക്കുന്നെന്നാണ് അറിയുന്നത്.
എന്നാൽ, കത്ത് വിവാദത്തിൽ കോർപറേഷനകത്തും പുറത്തും നടക്കുന്ന സമരങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും ഉന്നയിക്കുന്നത് മേയറുടെ രാജി തന്നെയാണ്.ഇതാകും ചർച്ചയിലും ഉന്നയിക്കുകയെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് പി. പത്മകുമാറും ബി.ജെ.പി പാർലമെന്‍ററി പാർട്ടി നേതാവ് എം.ആർ. ഗോപനും വ്യക്തമാക്കി. അതേസമയം, ചർച്ചയാണ് നടക്കുന്നതെന്നും അതിൽ ഉരുത്തിരിയുന്ന നിർദേശങ്ങളും ഉറപ്പുകളും അടിസ്ഥാനമാക്കി തീരുമാനങ്ങളിൽ മാറ്റങ്ങളുണ്ടാകാമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
യു.ഡി.എഫിൽ നിന്ന് ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് പി. പത്മകുമാർ, കൗൺസിലർമാർ, മറ്റ് കക്ഷി നേതാക്കൾ എന്നിവരും ബി.ജെ.പിയിൽനിന്ന് ജില്ല സെക്രട്ടറി വി.വി. രാജേഷ്, പാർലമെന്‍ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ എന്നിവരും പങ്കെടുക്കും. യു.ഡി.എഫും ബി.ജെ.പിയും തിങ്കളാഴ്ച മുതൽ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കെയാണ് സർക്കാറിന്‍റെ അനുനയ നീക്കം.
നിയമസഭ സമ്മേളനം കൂടി തുടങ്ങുന്ന സാഹചര്യത്തിൽ സഭക്കകത്തും പുറത്തും പ്രതിപക്ഷം വിഷയം ആളിക്കത്തിക്കാനുള്ള സാധ്യതകൂടി മുന്നിൽ കണ്ടാണ് സർക്കാറിന്‍റെ നീക്കമെന്നതും ശ്രദ്ധേയമാണ്.ആഴ്ചകളായി തുടരുന്ന സമരം കോർപറേഷന്‍റെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. പല ഭരണനേട്ടവും ജനങ്ങളിലേക്കെത്തുന്നില്ലെന്നും ആക്ഷേപങ്ങൾ മാത്രമാണ് താഴേത്തട്ടിലേക്കെത്തുന്നതെന്നുമുള്ള വിലയിരുത്തലും പാർട്ടി തലത്തിലും സർക്കാറിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.