300 ടൺ മാരക കീടനാശിനി നശിപ്പിക്കാൻ സർക്കാർ അനുമതി
text_fieldsകൊച്ചി: സംസ്ഥാന കീടനാശിനി ഗുണനിലവാര പരിശോധന ശാലയിൽ കെട്ടിക്കിടക്കുന്നത് 300 ടൺ കീടനാശിനി. അപകടകരവും ഉപയോഗശൂന്യവും ആയ ഇവ നശിപ്പിക്കാൻ സർക്കാർ കൃഷി വകുപ്പിന് അനുമതി നൽകി. കൃഷി വകുപ്പിലെ ബന്ധപ്പെട്ട ഇൻസ്പെക്ടർമാർ ഗുണനിലവാര പരിശോധനക്കായി ശേഖരിച്ച കീടനാശിനികളിൽ ശേഷിക്കുന്നവയാണ് വർഷങ്ങളായി കെട്ടിക്കിടക്കുന്നത്. ഇവ ശാസ്ത്രീയമായി നിർമാർജനം ചെയ്യാൻ അനുമതി തേടി കൃഷി വകുപ്പ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയിരുന്നു.
വിൽപ്പനശാലകളിൽ നിന്ന് ഗുണനിവാര പരിശോധനക്കായി കീടനാശിനികളുടെ പൊട്ടിക്കാത്ത പാക്കറ്റുകളാണ് സാമ്പിളുകളായി ശേഖരിക്കുന്നത്. ആധുനിക സംവിധാനത്തിൽ ഇവയുടെ ചെറിയൊരു അംശം മാത്രമേ പരിശോധനക്ക് ആവശ്യമുള്ളൂ. ബാക്കിയുള്ളവ പരിശോധനശാലയിൽ കൂട്ടിയിട്ടിരിക്കുകയാണ്. പാക്കറ്റ് പൊട്ടിച്ചതോടെ ഉപയോഗശൂന്യമായ ഇവയിൽ പലതും ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ ഏറെ അപകടകരവുമാണ്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഇങ്ങനെ ശേഖരിച്ച സാമ്പിളുകളാണ് ഇപ്പോൾ 300 ടണ്ണോളമായി മാറിയത്. ഇവയുടെ സുരക്ഷിത നിർമാർജനം കൃഷിവകുപ്പിന് വലിയൊരു വെല്ലുവിളിയായിരുന്നു. സങ്കീർണമായ ഈ സാഹചര്യം മറികടക്കാനാണ് കൃഷിവകുപ്പ് സർക്കാരിന്റെ സഹായം തേടിയത്.
കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായത്തോടെ ബംഗളൂരുവിലെ റീ സസ്റ്റൈനബിലിറ്റി ലിമിറ്റഡ് എന്ന കമ്പനിയെ കീടനാശിനി നിർമാർജനം ഏൽപ്പിക്കാനാണ് തീരുമാനം. ഇതിനായി 20.23 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ കീടനാശിനികൾ സുരക്ഷിതമായി നിർമാർജനം ചെയ്യാൻ സംസ്ഥാനത്ത് സംവിധാനമില്ലാത്തത് കൃഷി വകുപ്പിന് വലിയ വെല്ലുവിളിയാകുകയാണ്. ഇത്തരമൊരു സംവിധാനത്തിന്റെ അഭാവമാണ് അഞ്ച് വർഷമായി പതിനായിരക്കണക്കിന് കിലോ മാരക കീടനാശിനികൾ കെട്ടിക്കിടക്കാൻ കാരണം. അതേസമയം, ഗുണനിലവാരമില്ലാത്തതും നിരോധിച്ചതുമായ കീടനാശിനികൾ അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുമ്പോഴും പരിശോധിക്കാൻ കൃത്യമായ സംവിധാനമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.