വിഴിഞ്ഞം ഭരണ നേട്ടമാക്കാൻ സർക്കാർ; ആദ്യ കപ്പലിനെ സ്വീകരിക്കാൻ വിപുല ഒരുക്കം
text_fieldsതിരുവനന്തപുരം: പ്രതിഷേധത്തിരകളുടെ ഇരമ്പലുയർന്ന തീരം ഇനി കണ്ടെയ്നർ കയറ്റിറക്കിന്റെ തിരക്കിലേക്ക്. പ്രതിബന്ധങ്ങളുടെയും സമരങ്ങളുടെയേും വേലിയേറ്റം കടന്നാണ് വിഴിഞ്ഞം തുറമുഖം പരീക്ഷണ പ്രവർത്തനത്തിന് സജ്ജമായത്. രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖത്തിന്റെ ട്രയൽ ഓപറേഷൻ വെള്ളിയാഴ്ച ആരംഭിക്കുമ്പോൾ അത് പ്രധാന ഭരണനേട്ടമാക്കുകയാണ് സർക്കാർ. രാവിലെ 10ന് കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാണ്ടോ’യെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞം വികസന നേട്ടമായി പരമാവധി ഉയർത്തിക്കാട്ടാനാണ് സർക്കാർ ശ്രമം. തടസ്സങ്ങൾ പലതും പിന്നിട്ടാണ് വിഴിഞ്ഞത്തിന്റെ ആദ്യഘട്ടം പ്രവർത്തന സജ്ജമാവുന്നത്. രണ്ടു മാസത്തിലേറെ നീളുന്ന ട്രയൽ റണ്ണും ശേഷിക്കുന്ന മറ്റു നിർമാണങ്ങളും പൂർത്തിയാക്കി മൂന്നു മാസത്തിനകം തുറമുഖം കമീഷൻ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒക്ടോബറിന് മുമ്പ് തുറമുഖത്തിന്റെ ആദ്യഘട്ടം ഔദ്യോഗികമായി കമീഷൻ ചെയ്യാനാവുമെന്ന ഉറപ്പ് അദാനി പോർട്സ് സർക്കാറിന് നൽകിയിട്ടുണ്ട്.
തീരശോഷണവും തുറമുഖം മൂലമുള്ള തൊഴിൽ നഷ്ടവുമടക്കം തീരവാസികൾ ഉയർത്തിയ ആശങ്കകൾക്കും ആവലാതികൾക്കും ഇനിയും പൂർണ പരിഹാരമായിട്ടില്ല. എന്നാൽ, തീരത്ത് ആശങ്കയുടെ കാർമേഘങ്ങൾ പടർത്തിയ സമരാന്തരീക്ഷത്തിൽ മാറ്റം വന്നു. പ്രദേശവാസികൾക്ക് തൊഴിലവസരങ്ങളടക്കം തുറമുഖ നിർമാണ കമ്പനി നൽകുന്ന വാഗ്ദാനങ്ങൾ എത്രമാത്രം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല. .
ക്രെയിനുകളും മറ്റ് ഉപകരണങ്ങളുമടക്കം കണ്ടെയ്നർ നീക്കത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം തുറമുഖത്ത് സജ്ജീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ച ‘സാൻ ഫെർണാണ്ടോ’ കപ്പൽ വ്യാഴാഴ്ച രാവിലെ വിഴിഞ്ഞം തീരത്ത് ബർത്തിങ് നടത്തും. ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്നാണ് 2000 കണ്ടെയ്നറുകളുമായി കപ്പൽ പുറപ്പെട്ടത്. കപ്പലിന് കടലിൽ വാട്ടർ സല്യൂട്ട് നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.