ഉച്ചഭക്ഷണം ഉഷാറാക്കണമെന്ന് സർക്കാർ; ഫണ്ട് കുറവ്
text_fieldsകോഴിക്കോട്: സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കാൻ സർക്കാർ നിർദേശിക്കുമ്പോഴും കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യത്തിന് പരിഹാരമായില്ല. വിലക്കയറ്റം അതിരൂക്ഷമാകുമ്പോഴും ആറു വർഷം മുമ്പ് നിശ്ചയിച്ച തുച്ഛമായ തുകയാണ് സ്കൂളുകൾക്ക് നൽകുന്നത്. പരിമിതമായ തുകയിൽ പദ്ധതി എങ്ങനെ മുന്നോട്ടുപോകുമെന്നാണ് അധ്യാപകരുടെ ചോദ്യം. പ്രധാനാധ്യാപകരാണ് ഫണ്ടില്ലായ്മയുടെ ഭാരം കൂടുതലും പേറുന്നത്.
നാട്ടുകാരോടും സഹ അധ്യാപകരോടും കൈനീട്ടിയാണ് ഫണ്ട് ശേഖരിക്കുന്നത്. 2016 സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ച തുകയാണ് സാധനങ്ങൾ വാങ്ങാൻ ഇപ്പോഴും നൽകുന്നത്. 150 കുട്ടികൾ വരെ ഭക്ഷണം കഴിക്കാനുണ്ടെങ്കിൽ ഒരാൾക്ക് എട്ട് രൂപയാണ് അനുവദിക്കുന്നത്. 500 കുട്ടികളുണ്ടെങ്കിൽ 151 മുതൽ 500 വരെയുള്ള കുട്ടികൾക്ക് ഏഴ് രൂപ. 500ന് മുകളിലുള്ള കുട്ടികൾക്ക് ആറ് രൂപ. 100 കുട്ടികളുള്ള സ്കൂളുകൾക്ക് 7000 രൂപയും 300 കുട്ടികളുള്ളിടത്ത് 14,000 രൂപയും നഷ്ടത്തിലാണ്.
കേന്ദ്ര സർക്കാർ 60ഉം സംസ്ഥാന സർക്കാർ 40ഉം ശതമാനം തുകയാണ് വഹിക്കുന്നത്. പാചകത്തിനുള്ള വിഹിതം കൂട്ടാൻ കേന്ദ്രം കഴിഞ്ഞ ദിവസം സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, ഭക്ഷ്യസാധനങ്ങളുടെ തുക കൂട്ടുന്നത് കേന്ദ്ര പരിഗണനയിലില്ല. അരിക്കും പലവ്യഞ്ജനങ്ങൾക്കും മുട്ടക്കും പാലിനുമെല്ലാം ആറു വർഷത്തിനിടെ വില കയറിയത് സർക്കാറുകൾ അറിഞ്ഞമട്ടില്ല. പാചകവാതക വില ഇരട്ടിയായി.
പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയാണ് ഉച്ചഭക്ഷണം അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു മുട്ട പുഴുങ്ങിയതും രണ്ടു പ്രാവശ്യം 150 മി.ലിറ്റർ തിളപ്പിച്ച പാലും നൽകുന്നുണ്ട്. മുട്ട കഴിക്കാത്ത കുട്ടികൾക്ക് അതേ വിലയുള്ള നേന്ത്രപ്പഴമാണ് നൽകുന്നത്. പബ്ലിക് ഫിനാന്‍സ് മാനേജ്‌മെന്‍റ് സിസ്റ്റം വഴിയാണ് പ്രധാനാധ്യാപകർക്ക് തുക അനുവദിക്കുന്നത്. കടകളുടെ അക്കൗണ്ടിലേക്ക് പണമെത്തിക്കുകയാണ് ചെയ്യുക. ഒരു മാസത്തിന് ശേഷമാണ് തുക ലഭിക്കുന്നത്. പ്രധാനാധ്യാപകരുടെ സംഘടനകൾ പലവട്ടം സർക്കാറിനോട് അഭ്യർഥിച്ചിട്ടും ഫണ്ട് വർധിപ്പിച്ചിട്ടില്ല. ഒരു കുട്ടിക്ക് 20 രൂപയായി വർധിപ്പിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.