‘പൂരം കലക്കൽ റിപ്പോർട്ട് പുറത്തുവിടാനാകില്ല’; സുനിൽകുമാറിന്‍റെ വിവരാവകാശ അപേക്ഷക്ക് മറുപടിയുമായി ആഭ്യന്തര വകുപ്പ്
text_fieldsതിരുവനന്തപുരം: രഹസ്യ സ്വഭാവമുള്ളതിനാൽ ‘തൃശൂർ പൂരം കലക്കൽ’ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്. സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാറിന്‍റെ വിവരാവകാശ രേഖക്ക് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ അടങ്ങുന്നതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നും, മറുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ നൽകാമെന്നും മറുപടിയിൽ പറയുന്നു. എന്നാൽ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ പുറത്തു വിടണമെന്നും നിയമ വിഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സുനിൽകുമാർ വ്യക്തമാക്കി.
വിവാദമുയർന്നതിനു പിന്നാലെ പൂരം കലക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി രംഗത്തുവന്ന പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു വി.എസ്. സുനിൽകുമാർ. അന്വേഷണ റിപ്പോർട്ട് വൈകുന്നതിൽ വിമർശനവുമായും സുനിൽകുമാർ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ എ.ഡി.ജി.പി എം.ആർ അജിത്കുമാർ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സുനിൽകുമാർ വിവരാവകാശ അപേക്ഷ നൽകിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഇടതു മുന്നണി സ്ഥാനാർഥി കൂടിയായിരുന്നു വി.എസ്. സുനിൽകുമാർ. പാർട്ടി തോൽവിയേറ്റുവാങ്ങാനും സുരേഷ് ഗോപി ജയിക്കാനും പൂരം അലങ്കോലപ്പെട്ട സംഭവങ്ങൾ കാരണമായിട്ടുണ്ടെന്ന് സി.പി.ഐയും സുനിൽകുമാറും നേരത്തെ പറഞ്ഞിരുന്നു. വിവാദമുയർന്നതിനു പിന്നാലെ അന്നത്തെ തൃശൂർ കമീഷണർ അങ്കിത് അശോകിനെ സർക്കാർ മാറ്റിയിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ജനം മനസ്സിലാക്കണമെന്ന ആവശ്യം ശക്തമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് സർക്കാറിന് സമർപ്പിച്ചത്. എന്നാല്ത്സ റിപ്പോർട്ടിൽ അപാകതകളുണ്ടെന്ന് വിലയിരുത്തിയ സർക്കാർ, ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പൂരം എങ്ങനെ കലങ്ങിയെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യമുൾപ്പെടെ പരിശോധിക്കും. ഇതിനു തൊട്ടുമുമ്പുവന്ന റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സുനിൽകുമാർ വിവരാവകാശ അപേക്ഷ നൽകിയത്. മറുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ 30 ദിവസത്തിനകം നൽകണമെന്നാണ് മറുപടിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.