ജോയിയുടെ അമ്മക്ക് വീട്, 10 ലക്ഷം രൂപ ധനസഹായം, സഹോദരന്‍റെ മകന് ജോലി; കുടുംബത്തിന് സർക്കാറിന്‍റെ ഉറപ്പ്
text_fieldsതിരുവനന്തപുരം: മാലിന്യ നീക്കാനിറങ്ങിയപ്പോൾ ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി സർക്കാർ. ജോയിയുടെ അമ്മക്ക് വീട് നിർമിച്ച് നൽകുമെന്നും പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴി നന്നാക്കുമെന്നും പാറശാല എം.എല്‍.എ സി.കെ. ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു.സഹോദരന്റെ മകന് ജോലി നൽകും. അതോടൊപ്പം അമ്മക്ക് 10 ലക്ഷം രൂപ ധനസഹായവും നൽകും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തേക്കും.
ശനിയാഴ്ച രാവിലെ 11മണിയോടെയാണ് ജോയിയെ ആമയിഴഞ്ചാൻ തോടെന്ന മാലിന്യക്കയത്തിൽ പെട്ട് കാണാതായത്. 46 മണിക്കൂറിനു ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജീർണിച്ച അവസ്ഥയിൽ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തിരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. ഒടുവിൽ മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.