ഗൗരിയുടെ മരണം: സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്
text_fieldsകൊല്ലം: കോട്ടമുക്ക് ട്രിനിറ്റി ലൈസിയം സ്കൂളിലെ അധ്യാപികമാരുടെ മാനസിക പീഡനത്തെതുടർന്ന് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ ആരോപണ വിധേയമായ സിന്ധു എന്ന അധ്യാപിക ഗൗരിയെ ക്ലാസിൽനിന്ന് വിളിച്ചിറക്കിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾ 10 എക്ക് മുന്നിൽ കൂട്ടംകൂടി നിൽക്കുന്നു. ഇൗസമയം സിന്ധു ടീച്ചർ വരുന്നതുകണ്ട് കുട്ടികൾ ക്ലാസിലേക്ക് കയറി.
ഗൗരിയെ മാത്രം ക്ലാസിൽനിന്ന് വിളിച്ചിറക്കി സിന്ധു ടീച്ചർ പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതേ സ്കൂളിലെ ഗൗരിയുടെ സഹോദരിയെ ആൺകുട്ടികളുടെ ഇടയിൽ ഇരുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഗൗരി ഇടപെട്ടിരുന്നു. ഇതിനുശേഷം ഗൗരി ഇടക്കിടെ സഹോദരിയുടെ ക്ലാസിലേക്ക് പോകുമായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട അധ്യാപിക ഗൗരിയെ താക്കീത് ചെയ്തശേഷം പ്രിൻസിപ്പലിെൻറ അടുത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിത്.
പിന്നീട് 25 മിനിറ്റിന് ശേഷം ഗൗരി താൻ പഠിക്കുന്ന ഹൈസ്കൂൾ ബ്ലോക്കിൽനിന്ന് സമീപത്തെ എൽ.പി ബ്ലോക്കിലേക്കും നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എൽ.പി ബ്ലോക്കിെൻറ മൂന്നാം നിലയിലേക്ക് കുട്ടി കയറുന്നതും താഴേക്ക് വീഴുന്നതും കാണാം. പെട്ടന്നുതന്നെ സ്കൂളിലെ ജീവനക്കാർ കുട്ടിയെയും എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ സ്കൂളിലെ അധ്യാപികമാരായ ക്രെസൻറ്, സിന്ധു എന്നിവർക്കെതിരെ ശക്തമായ വകുപ്പുകൾ േചർത്ത് പൊലീസ് കേസെടുത്തെങ്കിലും ഇരുവരും ഒളിവിലാണ്. രണ്ടു അധ്യാപികമാരെയും സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തതായും സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും കഴിഞ്ഞ ദിവസം കൊല്ലം രൂപത അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.