മുതിർന്ന സംഗീത സംവിധായകനെതിരെയുള്ള ഗൗരി ലക്ഷ്മിയുടെ ആരോപണം ഗൗരവത്തിലെടുക്കണം - ഷഹബാസ് അമൻ
text_fieldsസംഗീത സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ ഗായിക ഗൗരി ലക്ഷ്മിയെ പിന്തുണച്ച് ഷഹബാസ് അമൻ. ഗൗരി ലക്ഷ്മി നടത്തിയ ആരോപണം ഗൗരവത്തിലെടുക്കണമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഗൗരിക്ക് നേരെ ഉണ്ടായ സൈബർ അറ്റാക്കിൽ നടപടി വേണമെന്നും ഷഹബാസ് ആവശ്യപ്പെട്ടു. ഗൗരി ഉദ്ദേശിക്കുന്നുവെങ്കിൽ സംഗീത സംവിധായകന്‍റെ പേര് പുറത്തുവരണം എന്നും ഷഹബാസ് അമൻ അഭിപ്രായപ്പെട്ടു.
"ഗായിക ഗൗരി ലക്ഷ്മി ഒരു മുതിർന്ന സംഗീതസംവിധായകനെതിരെ ഉന്നയിച്ച ആരോപണവും ഗൗരവത്തിലെടുക്കണം. ഗൗരി ഉദ്ദേശിക്കുന്നുവെങ്കിൽ പേര് പുറത്തുവരണം. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ് ആയി പ്രസന്റ് ചെയ്തതിനു വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നിൽക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണം. അധിക്ഷേപ കമന്റുകളിന്മേൽ നടപടി വേണം. ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ടുപോക്കിന് യാതൊന്നും തടസ്സമാകരുത്. പ്രിയ ഗൗരീ, നീ അടിപൊളിയാണ്. ഗംഭീര ഗായികയാണ്. വ്യക്തമായി കാര്യങ്ങൾ പറയുന്നു. മ്യൂസിക്കിൽ നീ എന്ത് ചെയ്തെന്നതിന് ചരിത്രത്തിന്റെ കോടതിയിൽ കാലം സാക്ഷി പറഞ്ഞോളും. പോകൂ, പൊളിച്ചടുക്കി മുന്നോട്ട്!"- ഷഹബാസ് എഴുതി.
കോംപ്രമൈസ് സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലുമുണ്ടെന്ന് ഗായിക ഗൗരി ലക്ഷ്മി വ്യക്തമാക്കിയിരുന്നു. സംഗീത സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അയാൾക്കൊപ്പം ഇനിയൊരിക്കലും ജോലി ചെയ്യില്ലെന്നും ഗായിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ എല്ലാ സംഗീത സംവിധായകരും അങ്ങനെയല്ലെന്നും നല്ല രീതിയിൽ പെരുമാറുന്നവരും നല്ല പ്രതിഫലം നൽകിയവരുമുണ്ടെന്നും കൂട്ടിച്ചേർത്തു.
ഇതൊന്നും ആരും തുറന്നു പറയുന്നില്ല എന്നേയുള്ളൂ. നോ പറഞ്ഞതുകൊണ്ട് ചാൻസ് കുറയും എന്ന വിഷമം തനിക്കില്ലെന്നും ഗൗരി ലക്ഷ്മി പറഞ്ഞു. പാട്ട് ഉണ്ടാക്കുക, പാടുക എന്നത് തന്റെ ജോലി മാത്രമാണ്. അതിനപ്പുറം ഒരു വ്യക്തിയുണ്ട്, വേറൊരു ജീവിതമുണ്ട്. സന്തോഷമായി വർക്ക് ചെയ്യാൻ പറ്റുന്ന ആളുകളോടൊപ്പം പ്രവർത്തിക്കുംമെന്നും ഗൗരി ലക്ഷ്മി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.