ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്
text_fieldsകൊച്ചി: നിയമലംഘനം തടയാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പൊതുഗതാഗത വാഹനങ്ങളിൽ നടപ്പാക്കിത്തുടങ്ങിയ ജി.പി.എസ് സംവിധാനത്തിലും കൃത്രിമം നടത്തുന്നതായി കണ്ടെത്തൽ. ശക്തമായ നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇനിയും ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് അന്ത്യശാസനം നൽകാനും തീരുമാനം.
മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം സ്ത്രീകളുടെയും കുട്ടികളുമടക്കം യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടാണ് വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിെൻറ ഭാഗമായ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും എമർജൻസി ബട്ടണും ജനുവരി ഒന്ന് മുതൽ ബന്ധപ്പെട്ട എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. 13 സീറ്റിൽ കൂടുതലുള്ള വിനോദ സഞ്ചാര വാഹനങ്ങൾ, സ്കൂൾ ബസുകൾ, വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ, ചരക്ക് വാഹനങ്ങൾ, ടാക്സികൾ എന്നിവയിലാണ് സംവിധാനം ഘടിപ്പിക്കേണ്ടത്. ചരക്ക് വാഹനങ്ങൾക്ക് ഡിസംബർ വരെ സാവകാശം അനുവദിച്ചിരുന്നു. ഇതര വിഭാഗങ്ങളിലെ 80,000 ഓളം വാഹനങ്ങളിൽ ഇതിനകം നടപ്പാക്കി. 90 ശതമാനത്തിലധികം സ്കൂൾ വാഹനങ്ങളിലും ഘടിപ്പിച്ചു. ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും നിർദേശമുണ്ട്.
എന്നാൽ, ഘടിപ്പിച്ച പല വാഹനങ്ങളിലും സംവിധാനത്തിൽ കൃത്രിമം നടത്തുന്നതായി മോട്ടോർ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ലൊക്കേഷൻ ട്രാക്കിങ് ഉപകരണവും എമർജൻസി ബട്ടണും അഴിച്ചുമാറ്റുക, ഇവയുടെ പ്രവർത്തനത്തിന് ആവശ്യമായ സിം യഥാസമയം പുതുക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് പ്രധാനമായും കണ്ടെത്തിയത്. ഇത്തരം വാഹനങ്ങൾക്ക് നോട്ടീസ് അയച്ച് പിഴ ഈടാക്കുന്നതടക്കം കർശന നടപടി എടുക്കുമെന്ന ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു.
വാഹനത്തിെൻറ സഞ്ചാരപാതകൾ, നിയമലംഘനങ്ങൾ എന്നിവ തത്സമയം വകുപ്പിെൻറ കൺേട്രാൾ റൂമിൽ അറിയാനും യാത്രക്കാർക്ക് അടിയന്തര സഹായം ആവശ്യപ്പെടാനും സഹായിക്കുന്നതാണ് ജി.പി.എസ് സംവിധാനം. റൂട്ട് മാറി ഒാടുന്നതും ഡ്രൈവറുടെ പെരുമാറ്റവുമടക്കം നിരീക്ഷിക്കാം. കൺട്രോൾ റൂമുകൾ സജ്ജീകരിക്കാൻ സംസ്ഥാന സർക്കാർ എട്ട് കോടിയും കേന്ദ്രം അഞ്ചര കോടിയും നൽകിയിട്ടുണ്ട്. എല്ലാ ജില്ലയിലും കൺട്രോൾ റൂമുകൾ ജനുവരി, ഫെബ്രുവരി മാസത്തോടെ പ്രവർത്തനസജ്ജമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.