ജയസൂര്യയുടെ സുഹൃത്ത് ബി.ജെ.പി രാഷ്ട്രീയമുള്ളയാൾ, കുടിശ്ശികയെല്ലാം കൊടുത്തു തീർത്തു -മന്ത്രി ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: നെല്ല് സംഭരിച്ച പണം കർഷകർക്ക് കിട്ടുന്നില്ലെന്നും തന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദിന് പണം കിട്ടിയിട്ടില്ലെന്നുമുള്ള നടൻ ജയസൂര്യയുടെ പ്രസ്താവന തെറ്റെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് ബി.ജെ.പി രാഷ്ട്രീയമുള്ളയാളാണെന്നും അയാൾക്ക് കുടിശ്ശികയെല്ലാം കൊടുത്തു തീർത്തെന്നും മന്ത്രി പറഞ്ഞു.
ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. ആ പ്രസ്താവനയുടെ വസ്തുത മനസ്സിലാക്കാതെയാണ് ജയസൂര്യ പ്രതികരിച്ചത് -മന്ത്രി മീഡിയവണിനോട് പറഞ്ഞു.
ഓണക്കിറ്റ് വിതരണത്തിൽ പ്രതിപക്ഷ വിമർശനം കാര്യങ്ങൾ മനസിലാക്കാതെയെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് അഞ്ചേകാല്‍ലക്ഷത്തോളം ആളുകള്‍ക്ക് കിറ്റ് നല്‍കി. കിറ്റ് വാങ്ങാനുള്ളവര്‍ക്ക് ഒന്നാം തീയതി മുതല്‍ മൂന്നാം തീയതി വരെയുള്ള ദിവസങ്ങളില്‍ വാങ്ങാമെന്നും വിലക്കറ്റം നേരിടാനും സാധരണക്കാര്‍ക്ക് ഓണം നന്നായി ആഘോഷിക്കാനും സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം കാര്യങ്ങള്‍ മനസിലാക്കിവേണം പ്രതികരിക്കാനെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേർത്തു.
കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു ജയസൂര്യയുടെ വിമർശനം. സപ്ലൈക്കോക്ക് നെല്ല് വിറ്റ പണം ലഭിക്കാത്തതിനാൽ തിരുവോണ നാളിൽ പട്ടിണി സമരം നടത്തുന്ന കർഷകരെ കുറിച്ചായിരുന്നു നടൻ ഓർമിപ്പിച്ചത്. മന്ത്രിമാരായ പി. രാജീവൻ, പി. പ്രസാദ് എന്നിവരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ ആരോപണം. ഇതിന് അതേവേദിയിൽ മന്ത്രി രാജീവ് മറുപടി നൽകിയിരുന്നു.
കർഷകരിൽനിന്ന് നെല്ല് വാങ്ങിയത് റേഷൻ സംവിധാനത്തിന് വേണ്ടിയാണെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പണം നൽകാത്തതാണ് കർഷകരുടെ ദുരിതത്തിന് കാരണമെന്നും മന്ത്രി രാജീവ് പറഞ്ഞു. ‘നെല്ല് സംഭരിക്കുന്നത് റേഷനിങ് സംവിധാനത്തിന് വേണ്ടിയാണ്. കിലോക്ക് 20.40 രൂപ കേന്ദ്ര സർക്കാറാണ് കർഷകർക്ക് കൊടുക്കുന്നത്. ഇത് പോരെന്ന് മനസ്സിലാക്കിയ സംസ്ഥാന സർക്കാർ 7.80 രൂപ അധികമായി നൽകുന്നുണ്ട്. എന്നാൽ, കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുക വൈകുന്നതിനാൽ പലപ്പോഴും കേരളം ആ തുക കൂടി കടം എടുത്താണ് കർഷകർക്ക് നൽകുന്നത്. നമ്മുടെ 7.80രൂപക്ക് പുറമേ കേന്ദ്രത്തിന്റെ 20.40 രൂപ കൂടി കൂട്ടി സംസ്ഥാനം വായ്പയെടുത്തു കൊടുക്കുന്നു. എന്നാൽ, ഇത്തവണ വായ്പയെടുക്കാനുള്ള ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം അൽപം ൈവകി. എങ്കിലും കേന്ദ്ര ഗവൺമെന്റിന്റെ പൈസക്ക് കാത്തുനിൽക്കാെത 2200 കോടി കർഷകർക്ക് വിതരണം ചെയ്തു കഴിഞ്ഞു. ഓണം കണക്കിലെടുത്ത് കേരളത്തിന്റെ വിഹിതമായ 7.80 രൂപ എല്ലാ കർഷകർക്കും നൽകിയിട്ടുണ്ട്. അടുത്ത തവണ ഇതുപോലെ പ്രശ്നം ഇല്ലാതിരിക്കാൻ മന്ത്രിതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. കർഷകരിൽ നിന്ന് നെല്ല് എടുക്കുമ്പോൾ തന്നെ പണം അവർക്ക് നൽകാനാണ് തീരുമാനം’ -മന്ത്രി പി. രാജീവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.