അദാലത്തിലെ പുതിയ അപേക്ഷകൾക്ക് 15 ദിവസത്തിനുള്ളിൽ പരിഹാരമെന്ന് ജി.ആർ അനിൽ
text_fieldsതിരുവനന്തപുരം : താലൂക്ക് തല അദാലത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പുതിയ പരാതികളിൽ 15 ദിവസത്തിനകം പരിഹാരം കാണുമെന്ന് മന്ത്രി ജി.ആർ. അനിൽ. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാർ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന 'കരുതലും കൈത്താങ്ങും'അദാലത്തിന്റെ നെടുമങ്ങാട് താലൂക്കുതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നിർദ്ദേശിച്ച സമയത്ത് സമർപ്പിക്കാൻ കഴിയാതെ പോയവർക്ക് അദാലത്ത് ദിവസം പരാതികൾ സമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. അദാലത്തിലെത്തിയ അവസാനയാളിന്റെയും പരാതികൾ തീർപ്പാക്കും. ജനങ്ങൾക്ക് ആശ്വാസമാകുന്ന നിലപാടുകളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്ന വകുപ്പുകളിൽ, അവ തീർപ്പാക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. താലൂക്കിലെ 243 അപേക്ഷകർക്ക് മുൻഗണനാ ക്രമത്തിലുള്ള റേഷൻ കാർഡുകൾ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ നന്മയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിനോടകം പൂർത്തിയായ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ അദാലത്തിൽ നിരവധി പേരുടെ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
എം.എൽ.എമാരായ ഡി.കെ മുരളി, ജി.സ്റ്റീഫൻ , നെടുമങ്ങാട് നഗരസഭാധ്യക്ഷ സി.എസ്. ശ്രീജ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, എ.ഡി.എം അനിൽ ജോസ് ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ് , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.