ജി.ആർ അനിൽ:ലാളിത്യം മുഖമുദ്ര
text_fieldsതിരുവനന്തപുരം: സംഘാടന മികവും അനുഭവസമ്പത്തും രാഷ്ട്രീയ പാരമ്പര്യവുമായാണ് അഡ്വ. ജി.ആർ. അനിൽ മന്ത്രിസഭയിൽ ഇടംപിടിച്ചത്. ലാളിത്യം മുഖമുദ്രയായ ട്രേഡ് യൂനിയൻ നേതാവ്. സമരങ്ങളിലെ മുന്നണിപ്പോരാളി. തലസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യമുഖമാണ് അദ്ദേഹം. ഇടതുകോട്ടയായ നെടുമങ്ങാട്ട് റെക്കോഡ് ഭൂരിപക്ഷവുമായി വിജയക്കൊടി പാറിച്ച ജി.ആർ. അനിലിെൻറ പേര് ആദ്യഘട്ടത്തിൽ സാധ്യത പട്ടികയിൽ കേട്ടിരുന്നില്ല. തലസ്ഥാനത്തിെൻറ മലയോര മണ്ഡലമായ നെടുമങ്ങാടിനും ഇത് അഭിമാന മുഹൂർത്തം. 1957ൽ നിലവിൽവന്ന മണ്ഡലത്തിൽ കണിയാപുരം രാമചന്ദ്രൻ, കെ.വി. സുരേന്ദ്രനാഥ്, പാലോട് രവി, സി. ദിവാകരൻ തുടങ്ങിയ പ്രമുഖർ വിജയിച്ചെങ്കിലും മന്ത്രി പദവിയിലേക്ക് ആദ്യമായാണ് ഒരാൾ.
എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ അനില്‍ ഏഴരവര്‍ഷം സി.പി.െഎ ജില്ലാ അസി. സെക്രട്ടറിയായ ശേഷമാണ് സെക്രട്ടറിയായത്. ആറുവർഷമായി സെക്രട്ടറിയായിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം. എ.െഎ.എസ്.എഫ്, എ.െഎ.വൈ.എഫ്, കിസാന്‍സഭ എന്നിവയുടെ ജില്ലാ സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായിരുന്നു. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗവും വിവിധ യൂനിയനുകളുടെ ജില്ലാ -സംസ്ഥാന ഭാരവാഹിയുമാണ്. ഔഷധി ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഹാൻറക്സ് ഡയറക്ടർ, കൈത്തറി - ക്ഷീരസംഘം പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോർപറേഷനിൽ നേമം വാര്‍ഡിനെ പത്ത് വർഷം പ്രതിനിധീകരിച്ച അദ്ദേഹം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.
നടുക്കാട് സാല്‍വേഷന്‍ ആര്‍മി എൽ.പി സ്കൂളിലും കൃഷ്ണപുരം യു.പി.എസിലും എസ്.എം.വി ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. എം.ജി കോളജില്‍നിന്ന് പ്രീഡിഗ്രിയും യൂനിവേഴ്സിറ്റി കോളജില്‍നിന്ന് പൊളിറ്റിക്സ് ബിരുദവും ലോ അക്കാദമിയിൽനിന്ന് എൽഎൽ.ബിയും നേടി. സമരങ്ങളില്‍ പങ്കെടുത്ത് പലതവണ പൊലീസ് മര്‍ദനവും മൂന്നുതവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. മുൻ എം.എൽ.എയും വർക്കല എസ്.എൻ കോളേജ് ചരിത്ര വിഭാഗം മുൻ മേധാവിയുമായ ഡോ. ആര്. ലതാദേവിയാണ് ഭാര്യ. മകള്‍: അഡ്വ. എ.എൽ. ദേവിക. മരുമകന്: മേജർ എസ്.പി. വിഷ്ണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.