പടിപടിയായി പദവികൾ; ഒടുവിൽ സഭാനാഥൻ
text_fieldsകണ്ണൂർ: വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്ന നേതാവാണ് എ.എൻ. ഷംസീർ. നല്ലപ്രായത്തിൽ പാർട്ടിയിൽ അവസരങ്ങൾ വേണ്ടുവോളം ലഭിച്ച ഷംസീർ നിയമസഭയുടെ നാഥനാകുന്നതും അങ്ങനെതന്നെ. എസ്.എഫ്.ഐയിലൂടെയാണ് 45കാരനായ ഷംസീറിന്റെ തുടക്കം. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാനായത് മുതൽ ശ്രദ്ധനേടി. വൈകാതെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരാനും അധിക സമയം വേണ്ടിവന്നില്ല. ഇപ്പോൾ സി.പി.എം സംസ്ഥാന സമിതി അംഗമാണ്. സി.പി.എമ്മിന്റെ കോട്ടയായ കണ്ണൂരിലെ മുതിർന്ന നേതാക്കളിൽ പലരെയും മറികടന്നാണ് ഷംസീറിന്റെ വളർച്ച. 36ാം വയസ്സിൽ ഡി.വൈ.എഫ്.ഐ നേതാവായിരിക്കെ 2014ൽ വടകര ലോക്സഭ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പ് മത്സരം. പക്ഷേ, മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. രണ്ടു വർഷത്തിനകം നിയമസഭ തെരഞ്ഞെടുപ്പിൽ ഉറച്ച സീറ്റിൽ ടിക്കറ്റ് കിട്ടി. കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞപ്പോൾ തലശ്ശേരി നിയമസഭ മണ്ഡലത്തിൽ പകരം വന്നത് ഷംസീറാണ്. 2016, 2021 വർഷങ്ങളിൽ തലശ്ശേരിയിൽനിന്ന് നിയമസഭയിലെത്തി. നേതൃമികവിനൊപ്പം കോടിയേരിയുമായുള്ള അടുപ്പവും ഷംസീറിന് തുണയായി.
ചാനൽചർച്ചകളിലും സമൂഹമാധ്യമങ്ങളിലും പാർട്ടിയുടെ നാവാണ് ഷംസീർ. പാർട്ടിയെയും സർക്കാറിനെയും ന്യായീകരിക്കുന്നതിൽ ആരുമായും തർക്കത്തിനും പരുക്കൻ പ്രയോഗങ്ങൾക്കും മടിക്കാത്ത ഷംസീർ അതുകൊണ്ടുതന്നെ നേതൃത്വത്തിന്റെ പ്രിയങ്കരനുമായി.
തലശ്ശേരി നിയമസഭ മുൻ കൗൺസിലർകൂടിയായ സി.പി.എം വിമതൻ സി.ഒ.ടി. നസീർ വധശ്രമക്കേസിൽ ഷംസീറിന് പങ്കുണ്ടെന്ന ആക്ഷേപം വിവാദമായിരുന്നു. പക്ഷേ, പൊലീസ് അന്വേഷണം എം.എൽ.എയിലേക്കു നീണ്ടില്ല. ഭാര്യ ഡോ. പി.എം. സഹലയെ കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസറാക്കാൻ നടത്തിയ നീക്കം, മണ്ഡലത്തിലെ പൊതുവിദ്യാലയത്തിൽ സ്വന്തം മുഖചിത്രമടങ്ങിയ കലണ്ടർ പ്രകാശനം തുടങ്ങി ഷംസീറിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങൾ ഏറെയുണ്ട്. മൈക്കിനു മുന്നിലെ ക്ഷോഭവും വാവിട്ട വാക്കുകളും പലപ്പോഴും കുരുക്കിലാക്കിയിട്ടുണ്ട്. അപ്പോഴെല്ലാം തുണയായത് പാർട്ടി നേതൃത്വത്തിലെ പിടിയാണ്. കണ്ണൂർ സർവകലാശാലയിൽനിന്ന് നരവംശശാസ്ത്രത്തിലും നിയമപഠനത്തിലും ബിരുദാനന്തരബിരുദമുണ്ട്. തലശ്ശേരി കോടിയേരി പാറാൽ 'ആമിനാസി'ൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ. സെറീനയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് ഷംസീർ. ഇസാനാണ് ഏക മകൻ. ഷാഹിർ, ആമിന എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.