ഇറ്റാലിയൻ സംഘത്തിന് ബന്ധമില്ല; കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ച് കടന്നുകളഞ്ഞത് ആരാണ്?
text_fieldsകൊച്ചി: കൊച്ചി മെട്രോയിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഇറ്റാലിയൻ സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ ചിത്രം വരച്ച് കടന്നുകളഞ്ഞത് ആരാണെന്ന ചോദ്യം ബാക്കിയാകുന്നു. അഹമ്മദാബാദ് മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ട് മുൻപ് ഗ്രാഫിറ്റി വരച്ച് മുങ്ങി പിടിയിലായ ഇറ്റാലിയൻ സംഘത്തിന് കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചതുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഗുജറാത്തിൽ പിടിയിലായ ഇറ്റാലിയൻ സംഘം സെപ്തംബറിലാണ് ഇന്ത്യയിലെത്തിയത്. എന്നാൽ, കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി (തത്സമയ അതിവേഗ അക്ഷര ചിത്രം) വരച്ചത് മേയ് മാസത്തിലാണ്. മെട്രോ സി.ഐയുടെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കൊച്ചി മെട്രോയുടെ തന്ത്രപ്രധാനമേഖലയായ മുട്ടം യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ ബോഗികളിൽ അക്ഷര ചിത്രം വരച്ചാണ് അജ്ഞാത സംഘം കടന്നുകളഞ്ഞത്. നഗരത്തിൽ സ്‌ഫോടനമെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. വിധ്വംസക ഉദ്ദേശങ്ങൾക്ക് കലയെ ഉപയോഗിക്കുന്ന റെയിൽവേ ഗൂൺസ് ആണ് ഇവർ എന്ന് കണ്ടെത്തിയെങ്കിലും ഈ രാജ്യാന്തര സംഘത്തിലേക്കെത്താൻ കൊച്ചി പൊലീസിന് കഴിഞ്ഞിട്ടില്ല.
അതിനിടെയാണ് അഹമ്മദാബാദ് മെട്രോ സ്റ്റേഷനിൽ ഗ്രാഫിറ്റി വരച്ച കേസിൽ ഇറ്റാലിയൻ സംഘത്തെ പിടികൂടിയത്. വിവരമറിഞ്ഞ് കൊച്ചി മെട്രോ പൊലീസ് അവിടെയെത്തി പ്രതികളെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ഇറ്റാലിയൻ സ്വദേശികൾ ഇന്ത്യയിലെത്തിയത് സെപ്റ്റംബർ 24നാണെന്ന് മനസിലായതോടെ കൊച്ചിയിൽ നിന്നുള്ള മെട്രോ പൊലീസ് സംഘം അഹമ്മദാബാദിൽ നിന്ന് മടങ്ങി.
ഗ്രാഫിറ്റി വാൻഡലിസം പ്രചരിപ്പിക്കുന്ന റെയിൽവേ ഗൂൺസ് സംഘത്തിലെ നാലുപേരാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.