‘അദൃശ്യജാലകങ്ങളി’ലൂടെ ഒഴുകിയെത്തും; ആ മാന്ത്രികസംഗീതം...
text_fieldsകോഴിക്കോട്: ആസ്വാദനത്തിന്റെ ‘അദൃശ്യജാലകങ്ങൾ’ തുറന്ന് ആ മാന്ത്രികസംഗീതം 12 വർഷത്തിനുശേഷം സിനിമയിലേക്ക്. മൂന്നുതവണ ഗ്രാമി അവാർഡ് നേടിയ ഏക ഇന്ത്യക്കാരനായ സംഗീതജ്ഞൻ റിക്കി കേജ് നീണ്ട ഇടവേളക്കുശേഷം സിനിമാസംഗീത സംവിധാനത്തിലേക്ക് തിരികെയെത്തുന്നത് മലയാളത്തിലൂടെ.
ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യജാലകങ്ങൾ’ എന്ന സിനിമയുടെ സംഗീത സംവിധാനവും പശ്ചാത്തലസംഗീതവും നിർവഹിച്ചത് റിക്കി കേജ് ആണ്. സിനിമയിൽ രണ്ടു പാട്ടുകളുണ്ട്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി ജോബ് കുര്യൻ പാടുന്ന ബാൻഡ് മ്യൂസിക്കും മാരി നോബ്റേ എന്ന പോപ് ഗായിക എഴുതി പാടിയിരിക്കുന്ന പോർചുഗീസ് ഗാനവും.
ഇതോടൊപ്പം ഒരു വെസ്റ്റേൺ മ്യൂസിക് കൺസർട്ടും റിക്കി ഒരുക്കിയിട്ടുണ്ട്. സിനിമയുടെ ഫൈനൽ ഡോൾബി അറ്റ്മോസ് മിക്സിങ്ങിനായി കഴിഞ്ഞമാസം അദ്ദേഹം കൊച്ചിയിൽ എത്തിയിരുന്നു.
2021 ഡിസംബറിൽ റിക്കിയെ സമീപിക്കുമ്പോൾ ‘നോ’ എന്നായിരുന്നു മറുപടിയെന്ന് ഡോ. ബിജു പറയുന്നു. ‘‘സിനിമാസംഗീതത്തിൽ താല്പര്യമില്ലെന്നും കഴിഞ്ഞ 10 വർഷത്തിലേറെയായി കുറഞ്ഞത് നൂറു ബോളിവുഡ് സിനിമകളോടെങ്കിലും നോ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗിരീഷ് കാസറവള്ളിയുടെ സിനിമകൾക്ക് സംഗീതം ചെയ്യാൻ താല്പര്യം ഉണ്ടെന്ന് മുമ്പ് റിക്കി പറഞ്ഞിട്ടുണ്ട്. ഗിരീഷ് കാസറവള്ളി എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തോട് എന്നെയും സിനിമകളെയും പറ്റി അന്വേഷിച്ചറിയാമെന്നും ഞാൻ നിർദേശിച്ചു.
എന്റെ ഫിലിമോഗ്രഫിയും ലഭിച്ച ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളുടെ ലഘുവിവരണവും മെയിൽ ചെയ്തു. ‘പൂർണമായ തിരക്കഥ വായിച്ചിട്ടുപറയാം’ എന്നായിരുന്നു മറുപടി. തിരക്കഥ അയച്ചുകൊടുത്ത് എതാനും ദിവസങ്ങൾക്കുശേഷം ‘നമുക്കിത് ചെയ്യാം’ എന്ന് അദ്ദേഹം അറിയിച്ചു’’ -റിക്കി മലയാളത്തിലേക്ക് എത്തിയതിനെ കുറിച്ച് ഡോ. ബിജുവിന്റെ വാക്കുകൾ.
പാട്ടുകളുടെ ചിത്രീകരണസമയത്ത് എല്ലാ തിരക്കുകളും മാറ്റിവെച്ച് റിക്കി ഷൂട്ടിങ് സ്ഥലത്തുമെത്തി. ‘‘ഒരു കലാകാരൻ എത്രമാത്രം ലാളിത്യമുള്ള ആളായിരിക്കണമെന്നതിന്റെ മികച്ച ഉദാഹരണമാണ് റിക്കി.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സംഗീതത്തെ കുറിച്ചുള്ള ആശയവിനിമയങ്ങൾ, സൗഹൃദത്തോടെയുള്ള ഇടപെടൽ, പരസ്പര ബഹുമാനം, സാധാരണക്കാരനെ പോലെ ചിത്രീകരണസമയത്ത് ഞങ്ങളോടൊപ്പം ഓടിനടക്കൽ... റിക്കിയോടൊന്നിച്ചുള്ള പ്രവർത്തനം വലിയ അനുഭവങ്ങളാണ് സമ്മാനിച്ചത്’ -ഡോ. ബിജു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.