പാത്രിയാർക്കീസ് ബാവക്ക് വയനാട്ടിൽ ഗംഭീര വരവേൽപ്
text_fieldsമീനങ്ങാടി: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയാർക്കീസ് ബാവക്ക് മീനങ്ങാടിയിൽ ഗംഭീര വരവേൽപ്. കർണാടകയിൽ സന്ദർശനം പൂർത്തിയാക്കി ഹെലികോപ്ടറിൽ മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടിൽ വന്നിറങ്ങിയ ബാവയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരും ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസും ഭദ്രാസന ഭാരവാഹികളായ ഫാ. ഡോ. മത്തായി അതിരമ്പുഴ, ഫാ. ബേബി ഏലിയാസ്, ബേബി വാളങ്കോട്ടും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വിശ്വാസികളുടെയും വിവിധ സമുദായ മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ ഭദ്രാസന മെത്രാപ്പൊലീത്തയും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയനും വൈദിക സെക്രട്ടറി ഫാ. ജെയിംസ് വൻമേലിലും ചേർന്ന് വരവേറ്റു.
റോസാപ്പൂക്കൾ കൈകളിലേന്തിയ സൺഡേ സ്കൂൾ വിദ്യാർഥികളും ശുഭ്രവസ്ത്രം ധരിച്ച് മുത്തുക്കുടകൾ ഏന്തിയ വനിത സമാജം പ്രവർത്തകരും അണിനിരന്നു.
‘അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ’ എന്ന മുദ്രാവാക്യം മുഴക്കി യൂത്ത് അസോസിയേഷൻ പ്രവർത്തകർ ബാവയെ വരവേറ്റു.
വയനാട്ടിൽ ആദ്യമായി സന്ദർശനത്തിന് എത്തിയ പരിശുദ്ധ പിതാവിനോടൊപ്പം സെക്രട്ടറിമാരായ മോർ ഔഗേൻ അൽഖോറി അൽ ഖാസ, മർക്കോസ് മോർ ക്രിസ്റ്റഫോറസ് എന്നീ മെത്രാപ്പോലീത്തമാരും യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ്, യൽദോ മോർ തീത്തോസ്, പൗലോസ് മോർ ഐറേനിയോസ്, മാത്യൂസ് മോർ അപ്രേം, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, ഏലിയാസ് മോർ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറയും അനുഗമിച്ചു. ഇരുപത് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പാത്രിയാര്‍ക്കീസ് ബാവ വയനാട്ടിലെത്തുന്നത്.
മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ്, മർക്കോസ് മോർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത, മോർ ഔഗേൻ അൽഖോറി അൽഖാസ മെത്രാപ്പോലീത്ത തുടങ്ങിയവരും ബാവയെ അനുഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.