ഗ്രാന്റ് മുടങ്ങുന്നു; വരുമാനം കുറഞ്ഞ സർവകലാശാലകൾ പ്രതിസന്ധിയിൽ
text_fieldsകൊച്ചി: സർക്കാറിൽനിന്ന് ഗ്രാന്റ് മുടങ്ങിയതോടെ സംസ്ഥാനത്തെ വരുമാനം കുറഞ്ഞ സർവകലാശാലകൾ പലതും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ പ്രായസപ്പെടുന്ന അവസ്ഥയാണ്. ഗ്രാന്റ് ലഭിക്കാതെ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന സർവകലാശാലകളുടെ നിലപാടിനെതിരെ ചിലയിടങ്ങളിൽ വിരമിച്ച അധ്യാപകരും അനധ്യാപകരും സമരപരിപാടികളുമായി രംഗത്തെത്തിയിട്ടുമുണ്ട്.
ശമ്പളം, വൈദ്യുതി, വെള്ളം, ടെലിഫോൺ തുടങ്ങിയ ചെലവുകൾക്കായി നോൺ പ്ലാൻ ഫണ്ടും അടിസ്ഥാന സൗകര്യ വികസനം, ഗവേഷണ പ്രവർത്തനം, വിജ്ഞാന വ്യാപനം എന്നിവക്ക് പ്ലാൻ ഫണ്ടുമാണ് സർക്കാർ നൽകിവരുന്നത്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഫണ്ട് വിതരണം താളംതെറ്റിയതാണ് പ്രതിസന്ധിക്ക് കാരണം.
കാലടി സംസ്കൃത സർവകലാശാലയിലും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലും (കുഫോസ്) ഗ്രാന്റ് മുടങ്ങിയത് പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം, മലയാളം സർവകലാശാലകളും സമാന പ്രതിസന്ധി നേരിടുകയാണ്. വരുമാനം കൂടിയ സർവകലാശാലകൾക്കും ഗ്രാന്റ് ലഭ്യതയിൽ പ്രശ്നങ്ങളുണ്ടെങ്കിലും തനത് ഫണ്ട് ഉപയോഗിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ്.
കുഫോസിന് അനുവദിച്ചിരുന്ന നോൺ പ്ലാൻ ഫണ്ട് 20 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. ഒരുമാസം ശമ്പളത്തിനും പെൻഷനുമായി 1.60 കോടി വേണം. എന്നാൽ, 1.38 കോടിയാണ് കിട്ടുന്നത്. ബാക്കി തനത് ഫണ്ടിൽനിന്ന് കണ്ടെത്തണം. ഒരു സാമ്പത്തികവർഷം 33.5 കോടിയാണ് സർവകലാശാലക്ക് പ്ലാൻ ഫണ്ടായി ലഭിക്കേണ്ടത്. നടപ്പ് സാമ്പത്തികവർഷം ഇതിൽ ഒരു രൂപപോലും കിട്ടിയിട്ടില്ല. ഇതോടെ ഗെസ്റ്റ് അധ്യാപകരുടെയും വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരുടെയും ശമ്പളം കഴിഞ്ഞ മാർച്ച് മുതൽ മുടങ്ങിയിരിക്കുകയാണ്. ഇവരുടെ ശമ്പളം തനതു ഫണ്ടിൽനിന്ന് നൽകി പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാനാണ് ശ്രമമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
സംസ്കൃത സർവകലാശാലയിൽനിന്ന് 2020 മുതൽ വിരമിച്ചവർക്ക് ഗ്രാറ്റ്വിറ്റി, കമ്യൂട്ടേഷൻ ഇനങ്ങളിൽ ആറ് കോടിയിലധികം നൽകാനുണ്ട്. ഈ വർഷം വിരമിച്ചവർക്കാകട്ടെ പെൻഷൻ അടക്കം ഒരു ആനുകൂല്യവും നൽകിയിട്ടില്ല. ഓരോ വർഷവും വിരമിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനാൽ ബാധ്യതയും പെരുകുകയാണ്. ഇതിന് ആനുപാതികമായി ഗ്രാന്റ് വർധിപ്പിച്ചാലല്ലാതെ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന നിലപാടിൽ സർവകലാശാല ഉറച്ചുനിൽക്കുമ്പോൾ തനത് വരുമാനം വർധിപ്പിക്കണമെന്നാണ് സർക്കാർ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.