ഗ്രാന്റ് മുടങ്ങി; സ്വധര്‍ ഗൃഹ് കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിൽ
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ സ്വധര്‍ ഗൃഹ് സ്കീമിലുൾപ്പെട്ട സ്ത്രീകൾക്കുള്ള അഭയ കേന്ദ്രങ്ങൾക്ക് രണ്ടര വർഷമായി ഗ്രാന്റ് ലഭിക്കാത്തതിനാൽ പ്രവർത്തനം അവതാളത്തിൽ. പല കേന്ദ്രങ്ങളും വായ്പയെടുത്താണ് പ്രവർത്തന ചെലവ് കണ്ടെത്തുന്നത്. അഗതികളും അശരണരുമായ സ്ത്രീകള്‍ക്കുള്ള പദ്ധതിയിൽ തിരുവനന്തപുരത്ത് മൂന്ന്, എറണാകുളത്ത് രണ്ട്, ഇടുക്കിയിലും മലപ്പുറത്തും ഒരോന്ന് എന്നിങ്ങനെയാണ് കേരളത്തിൽ കേന്ദ്രങ്ങൾ. വനിത-ശിശുവികസന വകുപ്പിന് കീഴില്‍ വിവിധ സന്നദ്ധ സംഘടനകള്‍ മുഖേന നടപ്പാക്കിവരുന്ന സ്വധര്‍ ഗൃഹ്, ഉജ്ജ്വല പദ്ധതികള്‍ മിഷന് ശക്തി പരിപാടിയുടെ ഭാഗമായി ശക്തിസദനുകളായി പുനര്‍നാമകരണം ചെയ്ത് പ്രവര്‍ത്തിക്കാന്‍ 2022ൽ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഒപ്പം കൗൺസലർ തസ്തിക നിർത്തലാക്കുകയും ചെയ്തു.
വൺ സ്റ്റോപ് സെന്ററുകളിൽനിന്നുള്ള കൗൺസലർമാർ വന്നുപോകുകയാണിപ്പോൾ. എന്നാൽ, പലവിധ മാനസികാഘാതങ്ങളാൽ തകർന്നവരുമായി നിത്യസമ്പർക്കം നടത്തിയാലേ അവർ മനസ്സ് തുറക്കൂ. അതിനാൽ സ്ഥിരം കൗൺസലർമാർ, എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ, വേതന പരിഷ്കരണം, കൃത്യമായ സമയത്തുള്ള ഗ്രാന്റ് വിതരണം എന്നിവ ഉറപ്പാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വനിതാശാക്തീകരണ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്കായി ദേശീയ വനിത കമീഷനും സംസ്ഥാന വനിത കമീഷനും സംയുക്തമായി തിരുവനന്തപുരത്ത് നടത്തിയ കൂടിയാലോചനയിൽ ഇക്കാര്യങ്ങൾ എന്‍.ജി.ഒ പ്രതിനിധികള്‍ അറിയിച്ചു.
പരമാവധി 30 അന്തേവാസികളെ വരെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോഴിത് അമ്പതായി ഉയർത്തി. പ്രതിവർഷം 14.90 ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിച്ചിരുന്നത്. ഇതിൽനിന്നാണ് അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവക്ക് തുക കണ്ടെത്തിയിരുന്നത്. മൂന്നുവർഷം മുമ്പുവരെ മാർച്ച് 31നകം അതതു വർഷത്തെ തുക നൽകിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യഥാക്രമം 60:40 അനുപാതത്തിലാണ് തുക നൽകുന്നത്.
കേന്ദ്ര സർക്കാർ അനുവദിക്കാത്തതിനാൽ സംസ്ഥാനവും പങ്ക് നൽകുന്നില്ല. ഇവിടത്തെ ജീവനക്കാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നേരിട്ട് നടത്തുന്ന വൺ സ്റ്റോപ് സെന്റർ, സ്നേഹിത തുടങ്ങിയ കേന്ദ്രങ്ങളിലുള്ളതിനേക്കാൾ കുറവ് ശമ്പളമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.