മഹാശില സ്മാരക ഗുഹകൾ കണ്ടെത്തി
text_fieldsവെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയിൽ മഹാശില സംസ്കാരത്തിെൻറ ഭാഗമായ ചെങ്കല്ലറകളും വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള മൺപാത്രങ്ങളും കണ്ടെത്തി.
പ്രദേശവാസിയായ കെ.കെ. മധു, രാഘവൻ അടുക്കം, ശ്രീധരൻ തെക്കുമ്പാടൻ എന്നിവർ അറിയിച്ചതിനെ തുടർന്ന് ചരിത്ര ഗവേഷകരും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്രവിഭാഗം അധ്യാപകരുമായ നന്ദകുമാർ കോറോത്ത്, സി.പി. രാജീവൻ എന്നിവർ ഭീമനടിയിലെ ആവുലക്കോട്, കായിലക്കോട് സ്ഥലങ്ങൾ സന്ദർശിച്ചാണ് മഹാശില കാലഘട്ടത്തിലെ പത്ത് ചെങ്കല്ലറകൾ കണ്ടെത്തിയത്. പ്രാദേശികമായി മുനിയറ, നിധിക്കുഴി എന്ന പേരിൽ അറിയപ്പെടുകയും നിധി അന്വേഷകരാൽ നശിപ്പിക്കപ്പെടുകയും ചെയ്ത ഏഴ് ചെങ്കല്ലറകളും തുറക്കാത്ത നിലയിലുള്ള മൂന്ന് ചെങ്കല്ലറകളുമാണ് കണ്ടെത്തിയത്.
ഇതോടുകൂടി ജില്ലയിൽ കണ്ടെത്തിയ മഹാശിലാസ്മാരകങ്ങളുടെ എണ്ണം നൂറു കടന്നു. ചീമേനി, പള്ളിപ്പാറ, പോത്താങ്കണ്ടം, മാവുള്ളചാൽ, തിമിരി നാലിലാംകണ്ടം, പനങ്ങാട്, പൈവളിഗെ, കാര്യാട്, തലയടുക്കം, ഉമ്മിച്ചിപ്പൊയിൽ, ബങ്കളം, കല്ലഞ്ചിറ, പിലിക്കോട്, മടിക്കൈ, ബാനം, പരപ്പ എന്നിവിടങ്ങളിലും ചെങ്കല്ലറകൾ മുമ്പ് കണ്ടെത്തിയിട്ടുണ്ട്.
ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായാണ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.