ഗ്രീൻഫീൽഡ്: ഹൈവേ സർവേ നടത്തി സ്ഥാപിച്ച കുറ്റി അടിച്ചുതകർത്ത നിലയിൽ
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ദേശീയപാത സ്ഥലം ഏറ്റെടുപ്പ് ഉദ്യോഗസ്ഥർ ഫീൽഡ് സർവേ നടത്തി സ്ഥാപിച്ച കുറ്റി അടിച്ചുതകർത്ത നിലയിൽ കണ്ടെത്തി. കല്ലടിക്കോട് പറക്കലടി ഭാഗത്താണ് സംഭവം.
സർവേ അടയാളപ്പെടുത്താൻ അതിർത്തി നിർണയിച്ചശേഷം കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ച മഞ്ഞ പെയിന്‍റ് അടിച്ച കുറ്റിയാണ് വ്യാഴാഴ്ച രാവിലെ തല്ലി തകർത്തതായി കണ്ടെത്തിയത്. മൂന്നുദിവസം മുമ്പാണ് ജില്ലയിലെ കരിമ്പ രണ്ട് വില്ലേജിൽ ഗ്രീൻഫീൽഡ് ഹൈവേക്കായി സ്ഥലം കണ്ടെത്താൻ റവന്യൂ ഉദ്യോഗസ്ഥ സംഘം സർവേ നടത്തിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെയാണ് ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്നത്. ഹൈവേ കടന്നുപോകുന്നതിന് സാധ്യത സ്ഥലങ്ങളുടെ സർവേ നമ്പർ പത്രമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി പരാതിക്കാരുടെ വിചാരണയും പൂർത്തിയാക്കിയ ശേഷമാണ് ഫീൽഡ് സർവേ ആരംഭിച്ചത്.
ഏറ്റെടുക്കുന്ന ഭൂമിയുടെ പ്രാഥമിക രൂപരേഖ തയാറാക്കിയാണ് സ്ഥലമെടുപ്പിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതേസമയം, ഗ്രീൻഫീൽഡ് ഹൈവേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് കരിമ്പ രണ്ട് വില്ലേജിൽ സർവേ ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയിട്ടില്ലെന്ന് ദേശീയപാത സ്ഥലം ഏറ്റെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ പറഞ്ഞു.ഫീൽഡ് സർവേ നടത്തുന്ന സമയത്ത് ജനങ്ങളുടെ ഭാഗത്തുനിന്ന് എതിർപ്പുകളുണ്ടായിരുന്നില്ലെന്നതും വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.