പല തവണ ജ്യൂസിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന്
text_fieldsതിരുവനന്തപുരം: കാമുകൻ പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ പലതവണ ജ്യൂസിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന് മുഖ്യപ്രതി ഗ്രീഷ്മ. ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതിനെക്കുറിച്ച് ചോദ്യം ചെയ്യലിൽ ഗ്രീഷ്മ വിശദീകരിച്ചു. പുറത്തുവന്ന വിഡിയോകളിലുള്ള ജ്യൂസ് ചലഞ്ചുൾപ്പെടെ കൊലപാതകത്തിനായി ആസൂത്രണം ചെയ്തതാണ്. മാതാവിനും അമ്മാവനുമൊപ്പമാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. എന്നാൽ, കൊലയിൽ ഇവർക്ക് പങ്കില്ലെന്ന് ഗ്രീഷ്മ ആവർത്തിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ജ്യൂസ് കുടിച്ചശേഷം ഷാരോൺ ആശുപത്രിയിൽ ചികിത്സ തേടിയ വിവരം പുറത്തുവരികയും കഷായത്തിന്റെ വിശദാംശങ്ങൾ ബന്ധുക്കൾ ആരായുകയും ചെയ്തപ്പോൾ തന്നിലേക്ക് അന്വേഷണം വരുമെന്ന് മനസ്സിലാക്കിയപ്പോഴാണ് വിഷയം മാതാവിനോട് പറഞ്ഞത്. മാതാവ് ഇടപെട്ട് സഹോദരനോട് പറഞ്ഞ് വിഷക്കുപ്പി സമീപത്തെ കുളത്തിലെറിഞ്ഞ് നശിപ്പിക്കുകയായിരുന്നെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.
ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പൊടിയാണോ കഷായത്തിൽ ചേർത്ത് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധന നടത്തും. ഗ്രീഷ്മയും ഷാരോണുമായി പോയെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തും. ഇനി അഞ്ചുദിവസം കൂടി ഗ്രീഷ്മയെ കസ്റ്റഡിയിൽ വെക്കാൻ അന്വേഷണ സംഘത്തിന് കോടതിയുടെ അനുമതിയുണ്ട്. കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ അഡ്വക്കറ്റ് ജനറലിനോട് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതിലാണ് പ്രധാനമായും നിയമോപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.