ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങും; മാതാവും അമ്മാവനും റിമാൻഡിൽ
text_fieldsതിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഗ്രീഷ്മയുടെ മാതാവും അമ്മാവനും റിമാൻഡിൽ. തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെയാണ് തെളിവെടുപ്പിനുശേഷം നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കഷായത്തിൽ വിഷം കലർത്തി ഷാരോണിന് നൽകാൻ ഗ്രീഷ്മക്ക് മാതാവിന്റെ സഹായം ലഭിച്ചോയെന്ന് പൊലീസ് സംശയിക്കുന്നു. ഗ്രീഷ്മയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
മുഖ്യപ്രതി ഗ്രീഷ്മ മെഡിക്കൽ കോളജ് ഐ.സി.യുവിൽ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലിരിക്കെ കീടനാശിനി കുടിച്ചതിനെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ചയും വിലയിരുത്തി. വ്യാഴാഴ്ച ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഗ്രീഷ്മയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
അതിനിടെ പാറശ്ശാല സി.ഐയുമായി ബന്ധപ്പെട്ട ശബ്ദരേഖയെ ചൊല്ലിയും വിവാദം ഉയർന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഷാരോണിന്റെ ശരീരത്തിൽ വിഷാംശം ഇല്ലായിരുന്നെന്ന സി.ഐയുടെ പരാമർശം പ്രതിഭാഗം ഉപയോഗിക്കുമെന്ന ആക്ഷേപമാണ് ഉയരുന്നത്. കേസ് അട്ടിമറിക്കാൻ സി.ഐ ശ്രമിച്ചെന്ന് ഷാരോണിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
രണ്ട് കുപ്പികളിൽ നിറമുള്ള ദ്രാവകം
തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പിനിടെ കണ്ടെടുത്ത നാല് കുടിവെള്ള കുപ്പികളിൽ രണ്ടെണ്ണത്തിൽ നിറമുള്ള ദ്രാവകം. വീട്ടിലെ തൊഴുത്തിൽനിന്നാണ് കുടിവെള്ള കുപ്പികൾ കിട്ടിയത്. രണ്ട് കുപ്പികളിൽ ചെറിയ അളവിൽ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങളുണ്ടായിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്കായി അയച്ചിട്ടുണ്ട്.
കഷായത്തിൽ കീടനാശിനി കലർത്തി നൽകി ഷാരോണിനെ പെൺ സുഹൃത്ത് ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. കീടനാശിനിയുടെ കുപ്പി വീടിനുസമീപത്തെ കുളത്തിൽനിന്ന് കണ്ടെടുത്തിരുന്നു. കുപ്പിയുടെ പുറത്ത് ഒട്ടിച്ചിരുന്ന കമ്പനിയുടെ പേരടങ്ങിയ ലേബൽ വീടിന് പിന്നിലെ പടിക്കെട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് നിർണായക തെളിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ജോൺസൺ പറഞ്ഞു.
ഇനി വീട്ടിനുള്ളിൽനിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഗ്രീഷ്മയുമായി ഇവിടെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. പക്ഷേ, ഗ്രീഷ്മ ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.