കൂട്ടുകാരിയെ വേർപിരിയേണ്ടി വരുമെന്ന സങ്കടം; ഒടുവിൽ അവർ തെരഞ്ഞെടുത്തത് മരണം
text_fieldsവൈക്കം (കോട്ടയം): വൈക്കം മുറിഞ്ഞപുഴ പാലത്തില്‍നിന്ന് മൂവാറ്റുപുഴയാറ്റിലേക്ക് ചാടി പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിന് പിന്നിൽ കൂട്ടുകാരിയെ വേർപിരിയേണ്ടി വരുമെന്ന സങ്കടത്തെ തുടർന്നെന്ന് സൂചന. കൊല്ലം അഞ്ചല്‍ ഇടയം അനിവിലാസത്തില്‍ അനില്‍കുമാറിെൻറ മകള്‍ അമൃത (21), കൊല്ലം ആയൂര്‍ അഞ്ജു ഭവനില്‍ അശോകെൻറ മകള്‍ ആര്യ ജി. അശോക് (21) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10ന് അമൃതയുടെ മൃതദേഹം പാണാവള്ളി ഊടുപുഴ കടത്തുകടവ് ഭാഗത്തുനിന്നും ആര്യയുടേത് പെരുമ്പളം സൗത്ത് ജെട്ടിക്കടുത്തുനിന്നുമാണ് കണ്ടെത്തിയത്. കായലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവർ മൃതദേഹം പൊങ്ങിയതുകണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നീട് വൈക്കം, അഞ്ചൽ, ചടയമംഗലം പൊലീസ് യുവതികളുടെ ബന്ധുക്കളുമായെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ 13 മുതൽ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കള്‍ ചടയമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു.
ശനിയാഴ്ച രാത്രി 7.45ന് ഇവർ വൈക്കം ചെമ്പ് മുറിഞ്ഞപുഴ പാലത്തില്‍നിന്ന് ചാടുകയായിരുന്നു. ഇരുവരും പാലത്തിലൂടെ നടക്കുന്നത് നാട്ടുകാരില്‍ പലരും കണ്ടിരുന്നു. പാലത്തിനു സമീപം ഇവർ മൊബെലിൽ ചിത്രമെടുക്കുന്നത് ഓട്ടോ ഡ്രൈവർമാരും കണ്ടു. ആറ്റില്‍ എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ടതായി പാലത്തിനു സമീപം താമസിക്കുന്നവർ വൈക്കം പൊലീസിൽ പറഞ്ഞതനുസരിച്ച് നടത്തിയ പരിശോധനയിൽ ചെരിപ്പും തൂവാലയും കണ്ടെടുത്തു. ഇതിെൻറ ചിത്രങ്ങള്‍ ചടയമംഗലം പൊലീസിനു കൈമാറിയാണ് പെൺകുട്ടികളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. പാലത്തില്‍നിന്ന് ചാടിയത് ചടയമംഗലത്തുനിന്ന് കാണാതായ യുവതികളാണെന്ന് ഉറപ്പിച്ചതോടെ ഞായറാഴ്ച പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മൂവാറ്റുപുഴയാറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അവസാന വർഷ ബിരുദ വിദ്യാർഥികളായിരുന്നു ഇവർ. ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാനെന്നു പറഞ്ഞ് വീട്ടിൽനിന്നു പോന്ന ഇരുവരും പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആര്യയുടെ ഫോൺ തിരുവല്ലയിലെ ടവർ ലൊക്കേഷനിൽ കണ്ടെത്തിയെങ്കിലും താമസിയാതെ ഓഫായി. പിന്നീട് പാലത്തിൽനിന്ന് ചാടിയ വിവരമാണ് പുറത്തുവന്നത്. തീവ്രസൗഹൃദത്തിലായിരുന്ന ഇവർ എപ്പോഴും ഒരുമിച്ചായിരുന്നു.
വിദേശത്തു ജോലി ചെയ്യുന്ന അമൃതയുടെ പിതാവ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ക്വാറൻറീനിൽ ആയപ്പോൾ അമൃത 12 ദിവസം ആര്യയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അമൃതയുടെ വിവാഹം നടത്താൻ പിതാവ് ശ്രമമാരംഭിച്ചപ്പോൾ കൂട്ടുകാരിയെ വേർപിരിയേണ്ടി വരുമെന്ന സങ്കടത്തിൽ ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിെൻറ നിഗമനം. ബിന്ദുകലയാണ് അമൃതയുടെ മാതാവ്. സഹോദരി: അഖില. ഗീതയാണ് ആര്യയുടെ മാതാവ്. സഹോദരി: അഞ്ജു. മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റിനുശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.