പഞ്ചായത്തുകള്‍ക്ക് മീതെ വീണ്ടുമൊരു സമിതി: ഗ്രാമ പഞ്ചായത്തുകളില്‍ ‘ഇരട്ടയോഗ’ കുരുക്ക്
text_fieldsകണ്ണൂര്‍: പഞ്ചായത്ത് ഭരണത്തിലെ പ്രശ്നപരിഹാരത്തിന് അടുത്തമാസം മുതല്‍ സജീവമാവാന്‍ ഉത്തരവായ കൂടിയാലോചനാ സമിതികള്‍ നിലവില്‍ വരുന്നത് ഗ്രാമപഞ്ചായത്തുകളില്‍ അമിതഭാരമുണ്ടാക്കുമെന്ന് ആക്ഷേപം. സംസ്ഥാന-ജില്ലാ സമിതികള്‍ക്ക് പുറമെ പഞ്ചായത്തുകളിലും പുതിയ ഘടന വേണമെന്നാണ് പുതിയ ഉത്തരവ്. പഞ്ചായത്ത് യോഗത്തിന് പുറമെ മാസത്തില്‍ വീണ്ടുമൊരു യോഗവും നടപടികളും മിനുട്സും ഒക്കെയായി ‘ഇരട്ടയോഗക്കുരുക്കും’ അമിത ജോലിഭാരവുമാണിതെന്ന് പഞ്ചായത്ത് ജീവനക്കാര്‍ പറയുന്നു.
ഗ്രാമ പഞ്ചായത്തുകളില്‍ നിക്ഷിപ്തമായ അധികാരം ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതുകൊണ്ടാണ് പുതിയ സമിതി രൂപവത്കരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അധ്യക്ഷനും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായ സംസ്ഥാന തല സമിതിയില്‍ അസോസിയേഷന്‍ സെക്രട്ടറി, ഐ.കെ.എം ഡയറക്ടര്‍, പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍, ഭരണവിഭാഗം, വികസന വിഭാഗം ജോയന്‍റ് ഡയറക്ടര്‍മാര്‍, ജനന-മരണ ഡെപ്യൂട്ടി ചീഫ് രജിസ്ട്രാര്‍, സീനിയര്‍ സൂപ്രണ്ട് എന്നിവരാണ് അംഗങ്ങള്‍. ജില്ലാ സമിതിയില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് അധ്യക്ഷനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും അസോസിയേഷന്‍ സെക്രട്ടറി, അസോസിയേഷന്‍െറ പ്രതിനിധി, പഞ്ചായത്ത് അസി. ഡയറക്ടര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും.
ഇതിനുപുറമെ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, വിവിധ സ്ഥാപന മേധാവികള്‍ എന്നിവര്‍ അംഗങ്ങളുമായി കൂടിയാലോചനാ സമിതി യോഗം പഞ്ചായത്തുകളില്‍ ചേരണമെന്നാണ് പുതിയ നിര്‍ദേശം. പഞ്ചായത്ത് തല സമിതികള്‍ എല്ലാ മാസവും ഒന്നാമത്തെ ആഴ്ച യോഗം ചേരണം. ജില്ലാ സമിതി രണ്ടാംവാരവും സംസ്ഥാന സമിതി മൂന്നാം വാരവും യോഗം ചേരും. പഞ്ചായത്ത് സമിതികളുടെ റിപ്പോട്ട് ക്രോഡീകരിച്ച് ചര്‍ച്ചക്കുശേഷം ജില്ലാ സമിതി ഏഴ് ദിവസത്തിനകം പഞ്ചായത്ത് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതനുസരിച്ച് സംസ്ഥാന സമിതിയുടെ അജണ്ടയില്‍ ഈ വിഷയം ഉള്‍പ്പെടും. താഴത്തേട്ടിലുള്ള പ്രശ്നം സംസ്ഥാന തലത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കാന്‍ ഇതുപകരിക്കുമെന്നാണ് വാദം. എന്നാല്‍, ഇത് ഉദ്യോഗസ്ഥരുടെ മേല്‍ക്കൈ നേടാനുള്ള തന്ത്രമാണെന്ന് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്ത് ഭരണസമിതി യോഗത്തിന് പുറമെ നിലവില്‍ സ്റ്റിയറിങ് കമ്മിറ്റികളില്‍ എല്ലാ മാസവും ഒത്തുചേരുന്ന സ്ഥാപന മേധാവികള്‍ തന്നെ കൂടിയാലോചനാ സമിതി എന്ന പേരില്‍ മറ്റൊരു യോഗം കൂടി ചേരേണ്ടിവരും.
പഞ്ചായത്ത് ഓഫിസുകളില്‍ വിവിധ സ്ഥാപനങ്ങളുടെ കൈമാറ്റങ്ങളോടെ ഭാരിച്ച ജോലി നിലനില്‍ക്കെ വീണ്ടുമൊരു യോഗവും മിനുട്സും നടപടികളുമായി ജീവനക്കാരുടെ നടുവൊടിയുമെന്നാണ് ബന്ധപ്പെട്ട യൂനിയനുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
നവംബര്‍ മുതല്‍ കൂടിയായോചനാ സമിതികള്‍ നിലവില്‍ വരത്തക്ക വിധമാണ് പുതിയ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.