ഓണനാളിലും ജയിൽ മുറിയിൽ വാസുവിന്റെ പോരാട്ടം
text_fieldsകോഴിക്കോട്: നീതിയും ന്യായവും പുലർന്ന കാലത്തിന്റെ ഓർമപുതുക്കി ലോകമെങ്ങുമുള്ള മലയാളികൾ ഉണ്ടും ഉടുത്തും ഒരുങ്ങിയും ഓണമാഘോഷിക്കുമ്പോൾ നീതികേടുകൾക്കു മുന്നിൽ പുതിയ ചോദ്യങ്ങളുമായി ഗ്രോ വാസു ഈ തിരുവോണ നാളിലും ജയിൽ മുറിക്കുള്ളിലാണ്. 90 വയസ്സ് പിന്നിട്ട വാസുവിന്റെ ജയിൽവാസം ഒരു മാസം പൂർത്തിയാവുന്നതും ഈ തിരുവോണ നാളിലാണ്.
ജൂലൈ 29നായിരുന്നു ഗ്രോ വാസുവിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. 2016ൽ നിലമ്പൂർ കരുളായി വനമേഖലയിൽ പൊലീസ് വെടിവെച്ചുകൊന്ന മാവോവാദികളുടെ മൃതദേഹങ്ങൾ സൂക്ഷിച്ച കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കു മുന്നിൽ സംഘം ചേർന്ന് മാർഗ തടസ്സം സൃഷ്ടിച്ചെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. കുന്ദമംഗലം കോടതിയിൽ രണ്ടുവട്ടം ഹാജരാക്കിയെങ്കിലും ജാമ്യമെടുക്കാതെ മറ്റൊരു സമരമുഖമാണ് വാസു തുറന്നത്. സുപ്രീംകോടതി പോലും വിലക്കിയ ഏറ്റുമുട്ടൽ കൊല നടത്തിയ പൊലീസിനെതിരെ കേസെടുക്കാതെ തനിക്കെതിരെ എടുത്ത കേസിൽ ജാമ്യമെടുക്കാനില്ലെന്ന നിലപാടിലാണ് വാസു. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അദ്ദേഹത്തെ രണ്ടുവട്ടം കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യമെടുക്കില്ലെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു. രണ്ടുവട്ടവും സ്വയം കേസ് വാദിച്ചു. നീതിപീഠത്തിനു മുന്നിൽ പുതിയ ചോദ്യങ്ങളാണ് വാസു ഉയർത്തിയതെന്ന് സാംസ്കാരിക കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഓണവും കടന്നുവരുന്നത്.
വാസുവിന്റെ പോരാട്ടങ്ങൾക്ക് പിന്തുണയുമായി രൂപവത്കരിച്ച ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവോണ നാളിൽ രാവിലെ 10 മണി മുതൽ പുതിയ സ്റ്റാൻഡിന് സമീപം ഉപവാസ സമരം നടക്കും. അഡ്വ. പി.എ. പൗരൻ, അഡ്വ. ആനന്ദകനകം, അംബിക മറുവാക്ക്, വി.പി. സുഹറ, അഡ്വ. മഞ്ചേരി സുന്ദർരാജ്, ഡോ. കെ.എസ്. ഹരിഹരൻ തുടങ്ങിയവർ ഉപവാസ സമരത്തിൽ പങ്കെടുക്കും. 90 വയസ്സ് പിന്നിട്ട, ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുള്ളയാളാണ് വാസു. തിരുവോണ നാളിൽ അദ്ദേഹവും ജയിലിൽ ഉപവാസ സമരം നടത്തുമോ എന്ന ആശങ്കയിലാണ് ഐക്യദാർഢ്യ സമിതി. ഉപവാസ സമരം നടത്തിയാൽ അത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ ബാധിക്കുമോ എന്ന ആശങ്ക ജയിലധികൃതർക്കുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.