സംസ്ഥാനത്ത് കടല, പഞ്ചസാര, വെളിച്ചെണ്ണ വില വർധിച്ചേക്കും
text_fieldsതിരുവനന്തപുരം: കടല, തുവര, പഞ്ചസാര, കുറുവ അരി, വെളിച്ചെണ്ണ എന്നിവയുടെ വില വരും മാസങ്ങളില്‍ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൈസ് റിസര്‍ച് ആൻഡ് മോണിട്ടറിങ് സെല്ലിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലാൻഡ് റവന്യൂ കമീഷണര്‍, ജില്ല കലക്ടര്‍മാര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവില്‍സപ്ലൈസ് കമീഷണര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് ഉള്‍പ്പെടെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉൽപന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി രാജ്യത്ത് വിലവര്‍ധന പ്രകടമായിരുന്നു. കേരളത്തിലും സ്വാഭാവികമായി ഇതു പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍, ആഗസ്റ്റ് ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോള്‍ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാള്‍ അരി, വെളിച്ചെണ്ണ, ചെറുപയര്‍, കടല, തുവര, മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. പഴം , പച്ചക്കറികള്‍ , കോഴിയിറച്ചി എന്നീ ഉൽപന്നങ്ങള്ക്കും ആഗസ്റ്റ് മാസത്തില്‍ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കാന്‍ മന്ത്രി നിർദേശം നല്കി. ജില്ലകളില്‍ മൊത്തവ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടുകയും വിലനിലവാരം വിശകലനം ചെയ്യുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.