വരൻ ഉക്രൈനിൽ,വധു പുനലൂരിൽ,സമംഗളം ഒാൺലൈൻ വിവാഹം
text_fieldsപുനലൂർ: രാജ്യങ്ങൾക്കപ്പുറമിരുന്ന് ജീവൻകുമാർ ഓൺലൈനിലൂടെ ധന്യയെ ജീവിതസഖിയാക്കി .മുൻ നിശ്ചയപ്രകാരം നേരത്തെ നടക്കേണ്ടിയിരുന്ന ഇവരുടെ വിവാഹം കോവിഡ് നിയന്ത്രണവും മറ്റും മൂലം വൈകുകയായിരുന്നു. ഒടുവിൽ,ഹൈക്കോടതിയുടെയടക്കം ഇടപെടലിനെ തുടർന്ന് കുരുക്കുകളെല്ലാം അഴിച്ച് ജീവൻകുമാർ ഉക്രയിനിലിരുന്ന് ധന്യയുമായുള്ള വിവാഹം വെള്ളിയാഴ്ച പുനലൂർ സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇളമ്പൽ തിരുനിലശേരി ഹൗസിൽ സി.വി. ദേവരാജ െൻറ മകനാണ് ഉക്രൈനിൽ മെക്കാനിക്കൽ എൻജിനീയറായ ജീവൻകുമാർ. കഴക്കൂട്ടം നെഹ്രു ജങ്ഷനിൽ ധന്യഭവനിൽ മാർട്ടിെൻറ മകളാണ് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ധന്യ.
കോവിഡ് വ്യാപനത്തെത്തുടർന്ന് ഉക്രൈനിൽ നിന്നും നാട്ടിലെത്താൻ ജീവൻകുമാറിന് കഴിയാത്തതിനാൽ,സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ 2021 മാർച്ചിൽ അപേക്ഷ സമർപ്പിച്ചു. എന്നാൽ നിശ്ചിത കാലാവധിക്കുള്ളിൽ ജീവൻ കുമാറിന് നാട്ടിലെത്താനായില്ല.
ഇതിനെ തുടർന്ന് അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും നേരിട്ട് സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാകുന്നത് ഒഴിവാക്കി വീഡിയോ കോൺഫ്രൻസിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു.
ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ഡോ. കൗസർ ഇടപ്പാഗാത്ത് എന്നിവരടങ്ങിയ ബഞ്ച് സംസ്ഥാന സർക്കാർ, വിദേശകാര്യ മന്ത്രാലയം, കേന്ദ്ര ഐ.ടി വകുപ്പ് എന്നിവരുടെയും അഭിപ്രായം തേടിയശേഷം ജീവൻകുമാറിന് പകരം പിതാവ് ദേവരാജനെ രജിസ്റ്ററിൽ ഒപ്പ് വയ്ക്കാൻപവർ ഓഫ് അറ്റോർണിയായി ചുമതലപ്പെടുത്തി. തുടർന്ന്, പുനലൂർ സബ് രജിസ്ട്രാറും വിവാഹ ഓഫീസറുമായ ടി.എം. ഫിറോസ് ഉക്രൈനിലുള്ള ജീവൻകുമാറിനെ ഓണ്‍ലൈനിലൂടെയും ധന്യയെ നേരിട്ടും കണ്ട് വിവാഹം രജിസ്റ്റർ ചെയ്ത് നൽകുകയായിരുന്നു. ജില്ല രജിസ്ട്രാർ സി.ജെ. ജോൺസ െൻറ നീരീക്ഷണത്തിലാണ് ഓൺലൈനിലുടെ വിവാഹ നടപടികൾ പൂർത്തിയാക്കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.