ഗ്രൗണ്ടുണ്ടോ, വോട്ടുണ്ട്; സ്ഥാനാർഥികളുടെ ഉള്ളുപൊള്ളിച്ച് ന്യൂജൻ ഡിമാൻഡുകൾ
text_fieldsഅരീക്കോട്: "ഞങ്ങക്ക് ഗ്രൗണ്ട് ശരിയാക്കിത്തരുന്നവർക്ക് വോട്ട് ചെയ്യും. അതിപ്പോ ഏത് മുന്നണിയാണെങ്കിലും ശരി". ഏത് വാർഡിലെ കവലയിൽപോയാലും കൂട്ടംകൂടിനിൽക്കുന്ന ന്യൂജൻ പിള്ളേരുടെ സംസാരം ഇപ്പോൾ ഇതാണ്.
സ്ഥാനാർഥികൾക്ക് മുന്നിൽ പുത്തൻ വെല്ലുവിളിയായി മാറുകയാണ് ന്യൂജൻ ഡിമാൻഡുകൾ. സ്ഥാപിച്ചെടുക്കാൻ അത്ര എളുപ്പമുള്ള കാര്യങ്ങളല്ലെങ്കിലും പയ്യന്മാരുടെ വൈകാരിക ആവശ്യത്തിന് മുന്നിൽ 'ശ്രമിക്കാം' എന്നെങ്കിലും ഏൽക്കാതെ ഒരു സ്ഥാനാർഥിക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. മുന്നണികളൊക്കെത്തന്നെ തങ്ങൾ ഇറക്കുന്ന പ്രകടനപത്രികയിൽ കളിസ്ഥലങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
കടമ്പകൾ ഏറെ മറികടന്നുമാത്രമേ ഏതൊരു സ്ഥലത്തും നാട്ടുകാർ 'മിനി സ്റ്റേഡിയം' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കളിമൈതാനങ്ങൾ നിർമിക്കാൻ സാധിക്കൂ. ആദ്യം നാട്ടിൽ വിശാലമായ സ്ഥലം കണ്ടെത്തണം. തുടർന്ന് സ്ഥലത്തിന് വില്ലേജ് ഓഫിസർ മൂല്യവില കാണണം.
ആ തുക ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതത്തിൽ നീക്കിവെച്ച് ആസൂത്രണ ബോർഡിെൻറ അംഗീകാരം വാങ്ങണം. അങ്ങനെ സ്ഥലം ഗ്രാമപഞ്ചായത്ത് പൊന്നുംവിലയ്ക്ക് വാങ്ങണം.
സർക്കാർഭൂമിയാണെങ്കിലും ഭൂ ഉടസ്ഥതാവകാശമുള്ള വകുപ്പിലേക്ക് ഗ്രാമപഞ്ചായത്ത് വൻ തുക നിക്ഷേപിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ നാലോ അഞ്ചോ ഗ്രൗണ്ടിന് സ്ഥലം വാങ്ങിയാൽ മറ്റു പദ്ധതികൾക്ക് നീക്കിവെക്കാൻ പഞ്ചായത്തിന് പണമുണ്ടാവില്ലെന്ന് സാരം. ഇത് മനസ്സിലാക്കുന്ന പരിചയസമ്പന്നരായ സ്ഥാനാർഥികൾ ചെറുപ്പക്കാരോട് തിരിച്ച് പറയുന്നതും രസകരമാണ്. "നിങ്ങള് നാട്ടുകാര് സ്ഥലം വാങ്ങിത്തന്നാൽ മിനി സ്റ്റേഡിയം ഉണ്ടാക്കുന്നകാര്യം നമ്മളേറ്റു" എന്നാണ് മറുപടി. പാടം ഗ്രൗണ്ടാക്കാൻ അനുമതികിട്ടില്ല എന്നത് മറ്റൊരുകാര്യം.
ന്യൂജനറേഷനും മധ്യവയസ്കരും ഒരുപോലെ ആവശ്യപ്പെടുന്ന മറ്റൊരു കാര്യമാണ് ജിംനേഷ്യം. ഈ ട്രെൻഡ് മനസ്സിലാക്കി, പഞ്ചായത്തിൽ ഒരു ഹെൽത്ത് ക്ലബ് സ്ഥാപിക്കുമെന്ന് മുഖ്യധാരാ മുന്നണികളൊക്കെ പ്രകടനപത്രികയിൽ വാഗ്ദാനവും ഇറക്കിയിട്ടുണ്ട്.
സ്ത്രീകൾക്കായി പ്രത്യേകം ഹെൽത്ത് ക്ലബ് സ്ഥാപിക്കുമെന്ന വാഗ്ദാനവുമുണ്ട്. ഇങ്ങനെ തുടങ്ങി പുത്തൻ ആവശ്യങ്ങളാണ് പുതുതലമുറ വോട്ടർമാർ സ്ഥാനാർഥികൾക്ക് മുന്നിൽ ഉയർത്തുന്നത്. ചെറുപ്പക്കാർ സമ്മർദശക്തികളായി ഉയർന്നതോടെ പല ഉറച്ച വാർഡും 'ടൈറ്റ്' ആയി മാറിയിട്ടുണ്ട്.
എല്ലാം ഏൽക്കുകയല്ലാതെ സ്ഥാനാർഥികൾക്കും രക്ഷയില്ലാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.