ഭൂജല വകുപ്പ് സേവനങ്ങളുടെ ഫീസ് ഇരട്ടിയിലധികമാക്കി
text_fieldsപാലക്കാട്: കുഴൽകിണർ നിർമാണ അപേക്ഷ, കുടിവെള്ള പരിശോധന തുടങ്ങിയ സേവനങ്ങളുടെ ഫീസ് ഭൂജല വകുപ്പ് ഇരട്ടിയിലധികമാക്കി വർധിപ്പിച്ചു. ലാബുകൾ വഴിയുള്ള വീടുകളിലെ ജലപരിശോധന ഫീസ് 445 രൂപയിൽനിന്ന് 800 രൂപയാക്കി. സൂക്ഷ്മാണു പരിശോധന ഫീസ് 225 രൂപയിൽനിന്ന് 300 രൂപയാക്കി. തദ്ദേശവകുപ്പ് ഉൾപ്പെടെ സ്ഥാപനങ്ങൾ വഴിയെത്തുന്ന കുടിവെള്ള പരിശോധനകൾക്കുള്ള ഫീസ് 1105 രൂപയിൽനിന്ന് 1200 രൂപയാക്കി. ഗാഢലോഹ സാന്നിധ്യ പരിശോധനക്ക് 225 രൂപ ഈടാക്കിയിരുന്നത് 600 രൂപയാക്കിയാണ് വർധിപ്പിച്ചത്. വ്യവസായിക ആവശ്യത്തിനുള്ള സാമ്പിൾ പരിശോധനക്ക് ഈടാക്കിയിരുന്ന ഫീസ് 1105 രൂപയിൽനിന്ന് 2000 രൂപയാക്കി.
ഭൂജല പര്യവേക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും അടക്കുന്ന സർവേ ചാർജ് 1935 രൂപയിൽനിന്ന് 5000 രൂപയാക്കിയിട്ടുണ്ട്. വ്യക്തികളുടെ ആവശ്യത്തിനുള്ള സർവേ ചാർജ് 585 രൂപ വാങ്ങിയിടത്ത് 1200 രൂപയാണ് ഇനി ഈടാക്കുക. പ്രത്യേക ആവശ്യത്തിനോ ഗാര്‍ഹിക, ജലസേചന ജലവിതരണ പദ്ധതികൾക്കോ ആവശ്യമായ ശാസ്ത്രീയമായ ഭൂജല പര്യവേഷണ പഠനങ്ങളിലൂടെ സർവേ നടത്തി പ്രദേശത്തിന് അനുയോജ്യമായ കിണറുകള്‍ക്ക് സ്ഥാനനിർണയം നടത്തുന്നത് ഭൂജല വകുപ്പാണ്.
ഡ്രില്ലിങ് വിഭാഗത്തില്‍ ഡി.ടി.എച്ച്, റോട്ടറി റിഗ്ഗുകള്‍ ഉപയോഗിച്ച് തുരപ്പു കിണറുകള്‍, കുഴല്‍ കിണറുകള്‍, ഫില്‍റ്റര്‍ പോയന്റ് കിണറുകള്‍ എന്നിവ നിർമിക്കുന്നതിനുള്ള അപേക്ഷ ഫീസുകൾ 50-60 രൂപവെച്ച് കൂട്ടിയിട്ടുണ്ട്. പ്രതിദിനം 2500 ലിറ്ററിന് കുറവ് ജലം ഉപയോഗപ്പെടുത്തിയുള്ള വ്യവസായ പദ്ധതികൾക്ക് ഭൂജല വകുപ്പിൽനിന്ന് ആവശ്യമായ നിരാക്ഷേപ പത്രത്തിനുള്ള ഫീസ് 2000 രൂപയിൽനിന്ന് 4000 രൂപയാക്കി. അതിൽക്കൂടുതൽ ജല ഉപയോഗത്തിനുള്ള 5000 രൂപ ഫീസ് 10000 രൂപയാക്കുകയും ചെയ്തു. അനുമതി പുതുക്കാൻ 2500 ലിറ്ററിൽ കുറവുള്ളവക്ക് 1000 രൂപയിൽനിന്ന് 3000 രൂപയാക്കിയും കൂടുതലുള്ളവക്ക് 2500 രൂപയിൽനിന്ന് 6000 രൂപയാക്കിയും വർധിപ്പിച്ചു.
കാസർകോട്, പാലക്കാട് ജില്ലകളിലെ ചിറ്റൂർ, മലമ്പുഴ പോലെ വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളിലെ പെർമിറ്റിനുള്ള നിരക്ക് 75 രൂപയിൽനിന്ന് 200 രൂപയായും പരിവർത്തന പെർമിറ്റ് ഫീസ് 500 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. 2019ലാണ് ഒടുവിൽ നിരക്ക് കൂട്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.