ഹോട്ടൽ ജീവനക്കാരെ കൈയേറ്റം ചെയ്ത് കടന്നുകളഞ്ഞ സംഘം അപകടത്തിൽപെട്ടു; യുവതി കസ്റ്റഡിയിൽ
text_fieldsകൊച്ചി: ഹോട്ടൽ ജീവനക്കാരെ കൈയേറ്റം ചെയ്ത് കടന്നുകളഞ്ഞ യുവതികളടങ്ങുന്ന നാലംഗ സംഘത്തിന്‍റെ കാർ അപകടത്തിൽപെട്ടു. ഇതിനിടെ കാറിൽനിന്ന് പുറത്തിറങ്ങിയ ഒരു യുവതിയെ ഉപേക്ഷിച്ച് ബാക്കിയുള്ളവർ കടന്നുകളഞ്ഞു. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെ പിങ്ക് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെ എം.ജി റോഡിലെ ഹോട്ടലിലാണ് നാടകീയ സംഭവങ്ങൾ. നാലംഗ സംഘം ഹോട്ടലിലെത്തി മദ്യപിച്ചശേഷം പുറത്തിറങ്ങി. ഇവരുടെ സ്നേഹപ്രകടനങ്ങൾ അതിരുവിട്ടതോടെ ജീവനക്കാർ ചോദ്യം ചെയ്തു. ഇതോടെ യുവാക്കൾ ജീവനക്കാരെ കൈയേറ്റം ചെയ്തു. പൊലീസിൽ വിവരമറിയിച്ചതോടെ ഇവർ കാറുമായി റോഡിലേക്ക് ഇറങ്ങി അമിതവേഗത്തിൽ പോകുകയായിരുന്നു.
ഇതിനിടെ ഗുഡ്സ് ഓട്ടോയിൽ തട്ടി. വീണ്ടും മുന്നോട്ട് കുതിച്ച കാർ പിന്നീട് മെട്രോ തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ എയർബാഗ് പുറത്തുവന്നതോടെയാണ് മുൻസീറ്റിൽ ഇരുന്ന യുവതി കാറിൽനിന്നിറങ്ങിയത്. ഇവരെ ഉപേക്ഷിച്ച് കാറുമായി മറ്റുള്ളവർ കടന്നുകളഞ്ഞു. യുവതി എം.ജി റോഡിന്റെ ഫുട്പാത്തിലും മറ്റും ഇരുന്നശേഷം സൗത്ത് ഭാഗത്തേക്ക് പോയി.
സെൻട്രൽ പൊലീസ് സ്ഥലത്തെത്തി സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു. ഇതിനിടെ യുവതിയെ ഹോട്ടലിന്റെ സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. ഇവരെ പിന്നീട് പിങ്ക് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മദ്യപിച്ചതിനും മറ്റും പണം നൽകാതെയാണ് ഇവർ കടന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. കാറിന്റെ മുൻഭാഗത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഹോട്ടൽ മാനേജറുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.