വൈപ്പിനിൽ വീട്ടമ്മയെ സ്ത്രീകൾ മർദ്ദിച്ച സംഭവം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsതിരുവനന്തപുരം: കൊച്ചി വൈപ്പിനിൽ മനോവൈകല്യമുള്ള വീട്ടമ്മയെ സ്ത്രീകൾ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. അന്വേഷണം ആവശ്യപ്പെട്ടു സാമൂഹ്യനീതി വകുപ്പിനും ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷൻ കത്തയച്ചു. സംഭവം ഗുരുതര നിയമലംഘനമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ചയാണ് മനോവൈകല്യമുള്ള വീട്ടമ്മയെ ജനക്കൂട്ടം നോക്കിനിൽക്കെ അയൽവാസികളായ സ്ത്രീകൾ സംഘം ചേർന്ന് മർദ്ദിച്ചത്. വൈപ്പിൻ പള്ളിപ്പുറം കോൺവന്റിന് കിഴക്ക് വിയറ്റ്നാം കോളനിയിലെ കാവാലംകുഴി സിന്ട്രക്കാണ് ക്രൂര മർദനമേറ്റത്. വീട്ടമ്മ തങ്ങളെ ആക്രമിച്ചു എന്നാരോപിച്ചായിരുന്നു മർദനം. തടയാൻ ശ്രമിച്ച പതിനാലുകാരിയായ മകള്‍ ശില്പക്കും മർദനത്തിനിരയായി. റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച് അവശയാക്കിയ ശേഷം ഇവരെ ചട്ടുകം ചൂടാക്കി കാൽവെള്ള പൊള്ളിക്കുകയും ചെയ്തു.
ഭര്‍ത്താവ് ആൻറണി നല്കിയ പരാതിയില്‍ പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍ ലിജി അഗസ്റ്റിന് (47), അച്ചാരുപറമ്പില്‍ മോളി (44), പാറക്കാട്ടില് ഡീന (37) എന്നിവരെയാണ് മുനമ്പം െപാലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി നടന്ന മർദനത്തിന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
സമീപത്തെ ചായക്കടയിൽവെച്ച് മർദിച്ചശേഷം റോഡിലേക്ക് വലിച്ചിഴച്ച് രണ്ട് സ്ത്രീകൾ ചേർന്ന് വീണ്ടും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിെൻറയും പുരുഷന്മാരടക്കം നോക്കി നിൽക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചലനമറ്റ് കിടക്കുന്ന സ്ത്രീയുടെ കാൽവെള്ളയിൽ ചട്ടുകം പഴുപ്പിച്ച് വെക്കുന്നതും കാണാം. അടിയേറ്റ് ഇവർ പാതവക്കില്‍ വീണു.
എഴുന്നേറ്റ് പോകാനുള്ള ആക്രോശങ്ങള്‍ അവഗണിച്ചതിനാണ് കാല്പാദത്തില് ചട്ടുകം പഴുപ്പിച്ച് വെച്ചത്. തുടര്‍ന്ന് ഇവര്‍ പ്രാണരക്ഷാർഥം ഓടിയകന്നു. സിന്‍ട്ര ആക്രമിച്ചുവെന്നാരോപിച്ച് സമീപവാസികൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് വീട്ടമ്മയുടെ ഭർത്താവിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.