ഗ്രൂപ്പ് യോഗങ്ങൾ കോൺഗ്രസിൽ അനുവദിക്കില്ലെന്ന് കെ. സുധാകരൻ; കോഴിക്കോട്ടെ സംഭവത്തെ കുറിച്ച് അന്വേഷിക്കും
text_fieldsകോഴിക്കോട്: കോൺഗ്രസിൽ ഗ്രൂപ്പ് യോഗങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കോഴിക്കോട്ട് കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന വിവരം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് യോഗമല്ല നടന്നതെന്നാണ് ഡി.സി.സി നേതൃത്വം പറഞ്ഞത്. നെഹ്റു ദർശൻ കേന്ദ്രയുടെ പരിപാടിയാണെന്നാണ് അറിയിച്ചത്. ഇക്കാര്യം അന്വേഷിക്കും. ഗ്രൂപ്പ് യോഗം ഒരു കാരണവശാലും അനുവദിക്കില്ലെന്നത് എല്ലാ നേതാക്കളെയും അറിയിച്ചതാണ്.
ഗ്രൂപ്പ് യോഗങ്ങളിലൂടെ വിഭാഗീയതയുണ്ടാക്കാൻ ഇനിയുമൊരു യൗവനം കോൺഗ്രസിന് ബാക്കിയില്ല. പാർട്ടി വേണമെന്നുണ്ടെങ്കിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നേതാക്കന്മാരും അനുയായികളും ഒറ്റക്കെട്ടായി തീരുമാനിക്കണമെന്നും കെ. സുധാകരൻ പറഞ്ഞു.
കോഴിക്കോട് ഇന്നലെ എ ഗ്രൂപ്പുകാർ രഹസ്യയോഗം ചേർന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അക്രമിച്ചത് വിവാദമായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലിലാണ് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖിനെ അനുകൂലിക്കുന്ന എ ഗ്രൂപ്പുകാർ രഹസ്യയോഗം ചേർന്നത്. ഗ്രൂപ് യോഗം ചേരുന്ന വിവരം കോൺഗ്രസുകാർ തന്നെയാണ് മാധ്യമപ്രവർത്തകരെ അറിയിച്ചത്.
എന്നാൽ, യോഗത്തിന്‍റെ ഫോട്ടോയെടുത്തെന്ന് പറഞ്ഞ് മാതൃഭൂമി സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാരെ നേതാക്കൾ മർദിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.