സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് യു.കെ നഴ്‌സുമാരുടെ സംഘം
text_fieldsതിരുവനന്തപുരം: യു.കെയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രി വീണ ജോര്‍ജിനെ മന്ത്രിയുടെ ഓഫീസിലെത്തി നന്ദിയറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കിയ 'കാര്‍ഡിയോതൊറാസിക് നഴ്‌സിങ് പ്രാക്ടീസ് ആന്റ് നഴ്സിങ് അഡ്മിനിസ്‌ട്രേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍' പ്രോജക്ടിലെ യുകെ നഴ്‌സുമാരുടെ സംഘമാണ് മന്ത്രിയെ കണ്ടത്. വിജയകരമായ മാതൃകക്ക് തുടര്‍ന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യു.കെ സന്ദര്‍ശിച്ചപ്പോള്‍ ഇവരെ മന്ത്രി വീണ ജോര്‍ജ് നേരിട്ട് കണ്ടിരുന്നു. നഴ്‌സിങ് രംഗത്തെ അറിവുകള്‍ പരസ്പരം പങ്കു വെക്കുന്നതിന് അവര്‍ സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്നാണ് യു.കെയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച നഴ്‌സുമാരും യുകെയിലെ മലയാളി സംഘടനകളില്‍ ഒന്നായ കൈരളി യു.കെയും കേരളവുമായി സഹകരിച്ച് പ്രോജക്ട് തയ്യാറാക്കിയത്.
യാതൊരുവിധ സര്‍ക്കാര്‍ ഫണ്ടുകളോ ഡേറ്റാ കൈമാറ്റമോ ഇല്ലാതെ നേരിട്ട് നിരീക്ഷിച്ചും ആര്‍ജിത അറിവുകള്‍ പങ്കുവച്ചും ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയുമാണ് പ്രോജക്ട് ആരംഭിക്കാന്‍ അനുമതി നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലാണ് പ്രോജക്ട് ആദ്യമായി നടപ്പിലാക്കിയത്. പ്രോജക്ടിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ പോലെ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്തിയതോടെ ഈ വിഭാഗത്തിലെ രോഗീ പരിചരണത്തില്‍ വളരെ മാറ്റങ്ങളുണ്ടായി.
തിരിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃ പാഠവവും ആത്മാര്‍ത്ഥതയും യുകെ മലയാളി സംഘത്തിനും പഠിക്കാനായി. മന്ത്രിയുടെ പിന്തുണയും അവര്‍ എടുത്തു പറഞ്ഞു. യുകെയിലും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും പ്രോട്ടോകോളുകളും ക്ലിനിക്കല്‍ ഗൈഡ് ലൈനുകളും വികസിപ്പിച്ച് അറിവുകള്‍ പങ്കുവെക്കുകയുമാണ് ഇനിയുള്ള ലക്ഷ്യം.
യു.കെ കിങ്സ് കോളജ് എന്‍.എച്ച്.എസ്. ഫൗണ്ടേഷന്‍ ട്രസ്റ്റിലെ തീയേറ്റര്‍ ലീഡ് നഴ്സ് മിനിജ ജോസഫ്, യൂനിവേഴ്സിറ്റി കോളജ് ഹോസ്പിറ്റല്‍സ് എൻ.എച്ച്.എസ് ട്രസ്റ്റിലെ ക്രിട്ടിക്കല്‍ കെയര്‍ ഇലക്ടീവ് സര്‍ജിക്കല്‍ പാത്ത് വെയ്സ് സീനിയര്‍ നഴ്സ് ബിജോയ് സെബാസ്റ്റ്യന്‍, കിങ്സ് കോളജ് എൻ.എച്ച്.എസ് ഐ.സി.യു, എച്ച്.ഡി.യു വാര്‍ഡ് മാനേജര്‍ മേരി എബ്രഹാം എന്നിവരാണ് പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച നഴ്‌സുമാര്‍. ഇവര്‍ക്കൊപ്പം യുകെയിലെയും അയര്‍ലാന്‍ഡിലെയും ആശുപത്രികളിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അയര്‍ലന്‍ഡ് സ്വദേശിനി മോന ഗഖിയന്‍ ഫിഷറും പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.